മരട്: വിവാദമായ പനങ്ങാട് കെഎസ്ഇബി സബ്സ്റ്റേഷന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് അട്ടിമറിച്ചതായി ആരോപണം. സബ്സ്റ്റേഷന് നിര്‍മാണത്തിനായി ഒന്നര ഏക്കറോളം ഭൂമിയാണ് വൈദ്യുതിബോര്‍ഡ് ഏറ്റെടുത്തിരുന്നത്. ഇതില്‍ സര്‍ക്കാര്‍ വക പുറമ്പോക്ക് ഭൂമി ഉള്‍പ്പെട്ടതായും ഇതില്‍പ്പെടുന്ന 35 സെന്റ് ഭൂമികൂടി സെന്റിന് 1.75 ലക്ഷം രൂപയ്ക്ക് കെഎസ്ഇബി വിലയ്ക്ക് വാങ്ങിയതിന് പിന്നില്‍ അഴിമതി നടന്നതായിട്ടുമാണ് ആരോപണമുയര്‍ന്നിരുന്നത്.
110 കെവി പനങ്ങാട് സബ്സ്റ്റേഷനില്‍ നിര്‍മിക്കുവാന്‍ ബോര്‍ഡ് വാങ്ങിയ ഭൂമിയില്‍ പ്രദേശത്തെ ‘ചുള്ളിതോട്’ നികത്തിയ ഭാഗവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റവന്യൂ അധികൃതരുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെ സംഭവം കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങുകയായിരുന്നു. മരട് നഗരസഭയേയും കുമ്പളം ഗ്രാമപഞ്ചായത്തിനേയും വേര്‍തിരിക്കുന്ന തോട് 15 മീറ്റര്‍ വീതിയുണ്ടായിരുന്നതായാണ് റവന്യൂ രേഖകളില്‍ കാണുന്നതെങ്കില്‍, ഇപ്പോള്‍ ഇത് വെറും മൂന്ന് മീറ്ററില്‍ താഴെയായി ചുരുങ്ങിയിരിക്കുന്നതായി മരട് വില്ലേജ് ഓഫീസര്‍ കണ്ടെത്തി തഹസില്‍ദാര്‍ക്കും കളക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തോടിന്റെ ഭാഗങ്ങള്‍ ഇരുവശങ്ങളിലുമുള്ളവര്‍ കയ്യേറി തങ്ങളുടെ ഭൂമിയോട് കൂട്ടിച്ചേര്‍ക്കുകയും റവന്യൂ രേഖകളിലും മറ്റും ക്രമക്കേട് കാട്ടുകയും ചെയ്തതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ബോര്‍ഡ് ഏറ്റെടുത്ത ഭൂമിയില്‍ കയ്യേറ്റം നടത്തിയ സ്ഥലവും ഉള്‍പ്പെട്ടിരുന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സബ്സ്റ്റേഷന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് പണി തടസപ്പെട്ടിരിക്കുകയാണിപ്പോള്‍. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി നല്കിയ അപേക്ഷയെത്തുടര്‍ന്നാണ് മൂന്ന് ദിവസത്തിനകം ഭൂമി അളന്ന് പരിശോധിക്കുവാന്‍ തിങ്കളാഴ്ച ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതെന്നാണ് അറിയിപ്പില്‍ പറയുന്നത്. എന്നാല്‍ ഇതിന് മേല്‍നോട്ടം വഹിക്കുവാനെത്തിയ താലൂക്ക് സര്‍വേയര്‍ പി.എ.അഷറഫ് മെല്ലേപ്പോക്ക് നയം സ്വീകരിച്ച് കളക്ടറുടെ ഉത്തരവ് അട്ടിമറിച്ചതായാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ആക്ഷേപങ്ങള്‍ പരിഹരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കി ജനുവരിയോടെ സബ്സ്റ്റേഷന് കമ്മീഷന് ചെയ്യാനുള്ള നടപടികളും ഇതോടെ അവതാളത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: