ന്യൂദല്‍ഹി: അഴിമതിക്കെതിരായ ലോക്പാല്‍ ബില്ലിന്റെ സര്‍ക്കാര്‍ ഭാഷ്യം ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ കേന്ദ്രവും ടീം ഹസാരെയും നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ വക്കിലെത്തി. വഴിതുറക്കാന്‍ സഹായിക്കാതെ വഴിമുട്ടിക്കുന്ന ബില്ലാണ് ഇന്ന് അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ഹസാരെ സംഘം കുറ്റപ്പെടുത്തി. അഴിമതി വിരുദ്ധനിയമനിര്മാണത്തെകുറ്റപ്പെടുത്തുന്ന സമീപനം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ബില്ലിന്റെ കാര്യത്തില്‍ വഞ്ചനാപരമായ നിലപാടു തുടര്‍ന്നാല്‍ ശക്തമായി നേരിടുമെന്ന് ബിജെപി മുന്നറിയിപ്പുനല്‍കി.
അഴിമതിക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന പ്രചരണം അടിസ്ഥാന രഹിതവും കരുതിക്കൂട്ടി നടത്തുന്നതുമാണെന്ന് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി അവകാശപ്പെട്ടു. പാര്‍ട്ടിയും കേന്ദ്രവും തമ്മില്‍ ഈ വിഷയത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാര്‍ത്തകളും അവര്‍ നിഷേധിച്ചു. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാഹസാരെയെയോ അദ്ദേഹത്തിന്റെ സംഘത്തെയോ പരാമര്‍ശിക്കാതെയായിരുന്നു സോണിയയുടെ പ്രസംഗം. എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ ശക്തമായ പ്രതികരണവുമായി ഹസാരെയും രംഗത്തെത്തി. ദുര്‍ബലമായ ബില്ലാണ് സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ മാസം 27 മുതല്‍ ആരംഭിക്കുന്ന സത്യഗ്രഹത്തില്‍ നിന്ന് പിന്മാറില്ലെന്നും ഹസാരെ വ്യക്തമാക്കി. സര്‍ക്കാരിന്റെ ബില്‍ അഴിമതിക്കെതിരെയുള്ള വഴിയടയ്ക്കാന് മാത്രമേ ഉപകരിക്കുകയുള്ളുവെന്ന് ടീം ഹസാരെ അംഗം കിരണ്‍ബേദി ചൂണ്ടിക്കാട്ടി. ലോക്പാലിനുവേണ്ടി പോരടിക്കുന്നതായി സോണിയ പറയുന്നു. ഈ പോരാട്ടം ലോക്പാലിനുവേണ്ടിയോ അതിനെതിരെയോ എന്ന് വ്യക്തമാക്കണം. ലോക്പാലിനു വേണ്ടിയാണെങ്കില്‍ അവര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ബേദി കുറ്റപ്പെടുത്തി.
സിബിഐയെ ലോക്പാലിന്റെ നിയന്ത്രണത്തില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം പരാമര്‍ശിക്കവെ സിബിഐയില്‍ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതുകൂടി നശിപ്പിക്കുന്നതിലും ഭേദം ബില്‍ പാസാക്കാതിരിക്കുന്നതാണ് നല്ലതെന്ന് അവര്‍ ട്വിറ്ററില്‍ എഴുതി. എന്നാല്‍ ലോക്പാല്‍ ബില്ലിനെതിരെ ഉയരുന്ന വെല്ലുവിളകളൊന്നും തങ്ങള്‍ക്ക് പ്രശ്നമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദ്ദന്‍ ദിവേദി പ്രതികരിച്ചു. ബില്‍ ജനവഞ്ചനയല്ലാതെ മറ്റൊന്നുമല്ലെന്ന ഹസാരെയുടെ പ്രതികരണം പരാമര്‍ശിക്കവെ മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് പറഞ്ഞത്. എതിര്‍ക്കാന്‍വേണ്ടി മാത്രമാണ് ബിജെപിയും മറ്റ് പ്രതിപക്ഷവും ബില്ലിനെ എതിര്‍ക്കുന്നതെന്ന് മറ്റൊരു കോണ്‍ഗ്രസ് വക്താവായ റഷീദ് ആല്‍വിയും പറഞ്ഞു.
പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയില്‍ തങ്ങള്‍ ആവശ്യപ്പെട്ടതില്‍നിന്ന് വ്യതിചലിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് ബിജെപി വക്താവ് പ്രകാശ് ജാവ്ഡെക്കര്‍ മുന്നറിയിപ്പുനല്‍കി.
മന്ത്രിസഭാ യോഗത്തിനുശേഷം സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന കരട് അപകടകരവും വഞ്ചനാപരവുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഴിമതിക്കെതിരെ ശക്തവും ,കാര്യക്ഷമവും സ്വതന്ത്രവുമായ ലോക്പാലാണ് രാജ്യം ആഗ്രഹിക്കുന്നത്. ബില്ലിന്റെ ശരിയായ രൂപം ഇന്ന് കണ്ടശേഷം അടുത്തനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അംഗം അഭിഷേക് സിംഗ്വിയുടെ അദ്ധ്യക്ഷതയിലുള്ള സ്റ്റാന്‍ഡിങ്ങ് കമ്മറ്റിക്ക് സമര്‍പ്പിച്ച 18 ഇനങ്ങളടങ്ങിയ വിയോജനക്കുറിപ്പില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരികയും സിബിഐയെ സ്വതന്ത്രമാക്കുകയും വേണമെന്നാണ് തങ്ങളുടെ ആവശ്യം. ലോക്പാല്‍ മുമ്പാകെ എത്തുന്ന കേസുകളില്‍ പ്രോസിക്യൂഷനും അന്വേഷണവും സ്വതന്ത്രമായിരിക്കണം. സിബിഐയെ ഇന്ന് കോണ്‍ഗ്രസ് ദുരുപയോഗിച്ചുകൊണ്ടിരിക്കയാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെന്ന് സിബിഐ വിളിക്കപ്പെടുന്നത്. സര്‍ക്കാര്‍ നിയന്ത്രിത സിബിഐയെ തങ്ങള്‍ അംഗീകരിക്കില്ലെന്നും ജാവ്ഡെക്കര്‍ വ്യക്തമാക്കി.
വിവാദമായ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ കേന്ദ്രവും പ്രതിപക്ഷ പാര്‍ട്ടികളും ഹസാരെ സംഘവുമെല്ലാം വ്യത്യസ്തമായ കടുത്ത നിലപാടുകള്‍ തുടരുന്ന സാഹചര്യത്തില്‍ അഴിമതിക്കെതിരായ നിയമനിര്‍മാണം എളുപ്പമാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക്പാല്‍ പ്രശ്നത്തില്‍ സമവായത്തില്‍ എത്താനുള്ള സാധ്യതകളെല്ലാം യുപിഎ സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇരുവിഭാഗവും നേര്‍ക്കുനേര്‍ പോരാട്ടം നടത്തുന്ന രംഗങ്ങള്‍ക്കായിരിക്കും വരും ദിനങ്ങളില്‍ രാജ്യം സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: