കമ്പം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ എം.ഡി.എം.കെ നേതാവ് വൈകോയെയും തീവ്ര തമിഴ് വാദി നേതാവ് നെടുമാരനെയും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് പോലീസ് നടപടി.
ചിന്നമന്നൂരില്‍ വച്ചാണ് ഇരുവരും അറസ്റ്റിലായത്. കുമളി അതിര്‍ത്തിയിലെ ഉപരോധ സമരം ഉദ്ഘാടനം ചെയ്യാനാണ് ഇവര്‍ എത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ഞൂറോളം എം.ഡി.എം.കെ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു.
നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധത്തില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടു വൈകോയ്ക്കു നോട്ടിസ് നല്കാന് പോലീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ നോട്ടിസ് കൈപ്പറ്റാന്‍ വൈകോ തയാറായില്ല.
ഇതിനിടെ എം.ഡി.എം.കെയുടെ ഉപരോധ സമരത്തെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ എല്ലാ അതിര്‍ത്തി ചെക്പോസ്റ്റുകളും അടച്ചു. വാളയാര്‍ അതിര്‍ത്തിയിലും വാഹനഗതാഗതം തടസപ്പെട്ടു. തമിഴ്നാട്, കേരള പൊലീസ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് ഉപരോധ സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: