ഡമാസ്കസ്: സര്‍ക്കാര്‍ വിരുദ്ധസേനകളുമായി ചേരാന്‍ സൈന്യം വിട്ട ഡസന്‍ കണക്കിന് പേരെ സിറിയന്‍ സേന വെടിവെച്ചു കൊന്നു. വടക്കു പടിഞ്ഞാറന്‍ ഇഡ്ലിസ് പ്രവിശ്യയില്‍ തങ്ങളുടെ താവളത്തില്‍നിന്ന് ഒളിച്ചോടിയ എഴുപതോളം പേരാണ് കൊല്ലപ്പെട്ടതെന്ന് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ അറിയിച്ചു. സിറിയയില്‍ കലാപങ്ങള്‍ ആരംഭിച്ച ശേഷം ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ടത് കഴിഞ്ഞദിവസമാണെന്ന് കരുതപ്പെടുന്നു. മരണമടഞ്ഞവരുടെ സംഖ്യ 110 ല്‍ കൂടുതല്‍ വരും. നിരീക്ഷകരെ ഏര്‍പ്പെടുത്താനുള്ള കരാറില്‍ കഴിഞ്ഞ ദിവസം സിറിയ ഒപ്പുവെച്ചിരുന്നു. എന്നാല്‍ കരാറില്‍ തങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ കൂട്ടിച്ചേര്‍ക്കാന്‍ അറബ് ലീഗ് സമ്മതിച്ചതായി സിറിയന്‍ വിദേശ കാര്യമന്ത്രി പറഞ്ഞു. ഈയാഴ്ചതന്നെ നിരീക്ഷകരുടെ ആദ്യ സംഘം സിറിയയില്‍ എത്തുമെന്ന് അറബ് ലീഗ് വക്താവ് വെളിപ്പെടുത്തി. മാര്‍ച്ചില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെ കലാപം ആരംഭിച്ചപ്പോള്‍ മുതല്‍ 5000 പേര് കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര രക്ഷാസമിതി അറിയിച്ചു. ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളെ സഭ അപലപിച്ചു. 43 പേര് വിട്ടുനിന്ന സഭയില്‍ 133 പേര് പ്രമേയത്തിന് അനുകൂലമായും പതിനൊന്നുപേര്‍ പ്രതികൂലമായും വോട്ട് ചെയ്തു.
ഇതിനിടെ ലണ്ടന്‍ ആസ്ഥാനമായ സിറിയന്‍ മനുഷ്യാവകാശ നിരീക്ഷകര്‍ യന്ത്രത്തോക്കുപയോഗിച്ച് സൈന്യം വിട്ട 70 പേരെ വധിച്ചതായി ഒരു ഭടന് അറിയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കെന്സാഫ്ര, കേഫര്‍ ക്വയിഡ് ഗ്രാമങ്ങള്‍ക്കിടയിലുള്ള പോസ്റ്റില്‍നിന്ന് ഒളിച്ചോടിയവരെയാണ് സൈന്യം നേരിട്ടത്.
പാശ്ചാത്യ രാജ്യങ്ങള്‍ സിറിയക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നാഗ്രഹിക്കുന്നവരാണ്. എന്നാല്‍ നടപടികള്‍ വേണ്ടെന്ന് ചൈനയും റഷ്യയും അഭിപ്രായപ്പെടുന്നു. നിരീക്ഷകരെ അയച്ചുകൊണ്ട് സിറിയയിലെ സ്ഥിതിഗതികളെ കൂടുതല്‍ മനുഷ്യത്വപരമാക്കാനുള്ള അറബ് ലീഗിന്റെ ശ്രമത്തോട് അവര്‍ക്ക് യോജിപ്പാണുള്ളത്. ഇതിനെല്ലാം ഭരണകൂടത്തിന് മറുപടിയുണ്ട്. തങ്ങള്‍ സായുധരായ സംഘങ്ങളെയാണ് നേരിടുന്നതെന്നും അതിനാലാണ് ബലപ്രയോഗം ആവശ്യമായി വരുന്നതെന്നും പ്രസിഡന്റ് അസാദ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: