ശാന്തി തുല്യം തപോനാസ്തി
ന സന്തോഷാല്‍ പരം സുഖം
ന തൃഷ്ണയാഃപരോ വ്യാധിര്‍
ന ച ധര്‍മ്മേ ദയാ പരഃ
ശ്ലോകാര്‍ത്ഥം : ‘ശാന്തി ഏറ്റവും വലിയ അനുഗ്രഹമാണ്. സംതൃപ്തി ഏറ്റവും വലിയ ആനന്ദവുമാണ്. ദുരാഗ്രഹത്തേക്കാള് വലിയ രോഗമില്ല. അനുകമ്പയേക്കാള്‍ വലിയ മതവിശ്വാസവുമില്ല.’
ഗുരു ചാണക്യന്റെ പ്രമാണങ്ങളില്‍ പലതും പൗരാണിക കാലത്തോട് ബന്ധപ്പെട്ടതാണ്. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളില്‍ ഏത് ചൊല്ലുമ്പോഴും അതിന്റെ അവസാനത്തില്‍ സ്ഥിരമായി ചൊല്ലേണ്ട ഒരു മന്ത്രമുണ്ട്. അതാണ് ‘ലോകാ സമസ്താ സുഖിനോഭവന്തു ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ’ മന്ത്രോദ്ദേശങ്ങള് പലതാണെങ്കിലും നാം പ്രാധാന്യം കൊടുക്കുന്നത് മനഃസമാധാനത്തിനും ശാന്തിക്കുമാണ്. സന്തതിയോ സമ്പത്തോ സൗന്ദര്യമോ വേണ്ടുവോളം തന്നാലും ശാന്തി ലഭിക്കുന്നില്ലെങ്കില്‍ ആ ജീവിതം പാഴായതുതന്നെ. എത്രകാലം ജീവിച്ചു എന്നതിനേക്കാള്‍ എങ്ങിനെ ജീവിച്ചു എന്നതിന് പ്രസക്തി കൂടും. സ്വര്‍ഗ്ഗം കിട്ടാന്‍ തപസ്സു ചെയ്താല്‍ പോലും ഗീത പറയുന്നതുപോലെ ‘അശാന്തസ്യ കുതഃസുഖം’ മോക്ഷം പരമശാന്തി തന്നെയാണ്. ജീവിച്ചിരിക്കെ ഈ ശാന്തി അനുഭവിക്കുന്നവരുണ്ടാകാം, ഏറെയില്ല. വളരെ കുറച്ചുമാത്രം! അവരാണ് ജീവന്മുക്തര്. ഇതേ അടിസ്ഥാനത്തില്‍ തന്നെ സംതൃപ്തിയെന്ന ആനന്ദത്തെക്കുറിച്ചും മനസ്സിലാക്കേണ്ടതാണ്.
മേല്‍പ്പറഞ്ഞ പോലെ ഏറെ സൗഭാഗ്യങ്ങളുണ്ടായാലും തൃപ്തിപ്പെടാന്‍ കഴിയാത്ത ഒരാള്‍ക്ക് ഒരിക്കലും ആനന്ദമടയാന്‍ കഴിയില്ല. ഇന്നത്തെ ലോകത്തില്‍ ദുരാഗ്രഹികളും അത്യാഗ്രഹികളും മാത്രമേയുള്ളൂ. ഈ സ്വഭാവത്തിന്റെ പരിണിതഫലം അഴിമതിയും അക്രമവും അനാശാസ്യങ്ങളുമായി മാറിയിരിക്കുന്നു. നമ്മുടെ സമുദായത്തെ ബാധിച്ച ഖേദകരമായ ഒരു രോഗമാണ് അത്യാഗ്രഹം.
– എം.പി.നീലകണ്ഠന് നമ്പൂതിരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: