സംയമി എന്നതിനെക്കുറിച്ച് കേട്ടുണ്ടോ? ഇല്ലെങ്കില്‍ കുഴപ്പമില്ല. മേപ്പടി സംഗതി കൈമുതലായവരെക്കുറിച്ച് ഇടക്കെപ്പോഴെങ്കിലും കേട്ടിരിക്കും. അതിനും അവസരമുണ്ടായിട്ടില്ലെങ്കില്‍ ഒട്ടും വിഷമിക്കേണ്ടതില്ല. ഇതാതികഞ്ഞസംയമിയായി ഒരാള്‍ നമുക്കു മുന്നില്‍ നിവര്ന്നുനില്ക്കുന്നു. കേവലം ഒരു പഞ്ചായത്ത് സര്‍പഞ്ച് (പേടിക്കണ്ട നമ്മുടെ പഞ്ചായത്ത് പ്രസിഡന്ത്തന്നെ) പോലുമായിട്ടില്ലാത്ത ഒരാള്‍. ഇന്ത്യാമഹാരാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് കുമുകുമാ ഭരിക്കുകയാണ്. ഒരു തരത്തിലുമുള്ള പ്രശ്നവും അദ്ദേഹത്തെ അലട്ടുന്നില്ല. അഥവാ അലട്ടുന്നുവെങ്കില്‍ ആയതിനെ വേരോടെ പിഴുതെറിയാന്‍ കെല്പുള്ളവര് അണിയറയില്‍ സദാസര്‍വഥാ സജീവം. മുല്ലപ്പെരിയാറല്ല ഭൂകമ്പമുണ്ടായാലും ആകാരവടിവിലും മനോവടിവിലും ഒരു മാറ്റവുമുണ്ടാകില്ല.
മുല്ലപ്പെരിയാര്‍ സംബന്ധിച്ച പ്രശ്നങ്ങളൊക്കെതീര്ക്കാന് മുന്‍കൈയെടുക്കണം എന്നാവശ്യപ്പെട്ടാണല്ലോ കുഞ്ഞൂഞ്ഞിനൊപ്പം കുട്ടികളെല്ലാം മേപ്പടി സര്ദാര്ജിയദ്യത്തിനെ കണ്ടത്. കേട്ടതെല്ലാം തലക്കെട്ടിനുള്ളിലെ ചെവിയിലെത്തിയോ എന്ന് സംശയം. എന്നാലും ഒരു കാര്യം പറഞ്ഞു. എല്ലാം ശാന്തമാവട്ടെ, ഞാന്‍ നോക്കാം. ഹാ, നമ്മള് മലയാളത്താന്മാര്ക്ക് ഇനിയെന്ത് വേണ്ടൂ. മേലാസകലം കുളിരുകോരിയിട്ട ഒരവസ്ഥ സംജാതമായില്ലേ? രോമാഞ്ചത്താല്‍ കുഞ്ഞൂഞ്ഞ് ഒരു തടവെശൊന്നാല് നൂറ് തടവെശൊന്ന മാതിരി എന്നും പറഞ്ഞ് ഇന്ത്യാഗേറ്റില്‍ ആനന്ദ നൃത്തം ചവിട്ടിയെന്നാണ് കേള്‍വി.
എല്ലാ കേള്വികളും ശരിയായിക്കൊള്ളണമെന്നില്ലെങ്കിലും തികച്ചും അസംബന്ധമാവാനും തരമില്ല. നമ്മള് മുന്നേ പരിചിന്തനം ചെയ്ത സംയമിയിലേക്കുതന്നെ വരിക. യഥാര്ഥഭരണാധികാരിയുടെ രീതി എന്തായിരിക്കണമെന്ന് ഇതിലൂടെ നാമറിയുന്നു. ഭരണം നടത്തിക്കൊണ്ടുപോവാന്‍ കരുതിവെക്കേണ്ട ഹിമ്മത്തുകളെക്കുറിച്ച് കോഴിക്കോട്ടെ ഐഐഎമ്മില്‍ വിദഗ്ധപരിശീലനം പൂര്‍ത്തിയാക്കിയ കുഞ്ഞൂഞ്ഞ് ഒരു പക്ഷേ, അല്ഭുതപ്പെടുന്നുണ്ടാവും. എങ്ങനെ സാധിക്കുന്നു ഇതെന്ന്. മാഡം സോണിയനിയന്ത്രിക്കുമ്പോള് ഇതും ഇതിലപ്പുറവും സംഭവിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ.
മന്മോഹന് സംയമിയോ മേറ്റ്ന്തെങ്കിലും വൈശിഷ്ട്യമുള്ളയാളോ ആയിക്കൊള്ളട്ടെ. മുല്ലപ്പെരിയാര്‍ അത്ര വലിയസംഭവമൊന്നുമല്ലെന്ന് പറയുന്നു ഇങ്ങ് കേരളത്തിലെ മറ്റൊരാള്‍. ആ ആളുടെ പേര് ഡോ.എ. ലത. അണക്കെട്ടുകളുടെ മനശ്ശാസ്ത്രത്തിലാണോ ഈ മഹതി ഡോക്ടറേറ്റ് സമ്പാദിച്ചതെന്നറിയില്ല. അണക്കെട്ടുവേണ്ട, പോംവഴിയുണ്ട് എന്ന അവരുടെ മാതൃഭൂമി ആഴ്ചപ്പതിപ്പി (ഡിസം 18-24) ലെ ലേഖനത്തില്‍ ഒട്ടേറെ ന്യായങ്ങള്‍ നിരത്തുന്നുണ്ട്. ലത ഉയര്‍ത്തുന്ന ഒരു ചോദ്യം പ്രസക്തമാണ്. അതിന് മറുപടികണ്ടെത്തും മുമ്പ് ഭയപ്പെടുന്നത് സംഭവിക്കുമോ എന്നു മാത്രമേ അറിയാനുള്ളൂ. ഇതാ ചോദ്യം: ഇന്ത്യയിലൊട്ടാകെ 5101 വലിയ അണക്കെട്ടുകളാണ് നിലകൊള്ളുന്നത്. 2010 -ല്‍ അണക്കെട്ട് സുരക്ഷാബില്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തു എന്നാണ് പ്രതീക്ഷിച്ചിരുന്നത്. വര്‍ധിച്ചുവരുന്ന അണക്കെട്ട്സുരക്ഷാഭീഷണിയാണ് ഈ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ നാളിതുവരെ ബില്ലിന്റെ ഗതിയെന്തായി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇന്ത്യയിലെ എല്ലാ അണക്കെട്ടുകളും ഈ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരണക്കെട്ടും സുരക്ഷിതമല്ല എന്ന കാഴ്ചപ്പാടിലേക്ക് മാറേണ്ടതിനു പകരം പഴയതിനു മറുപടി പുതിയതുതന്നെ എന്ന ഉത്തരത്തിലേക്കാണോ വിവേകവും വിദ്യാഭ്യാസവും ഉള്ള ഒരു സമൂഹം എന്നനിലയ്ക്ക് നമ്മള് എത്തേണ്ടത്? പുതിയ ഡാമിന്റെ കെമിസ്ട്രിയെക്കുറിച്ച് ആയമ്മയ്ക്ക് അത്രപിടിപാടില്ല എന്നതാണോ നിങ്ങള്‍ പറയാന്‍ വെമ്പുന്നത്. 800 മീറ്ററുള്ള ഒരു ഓവുചാല്‍ പുതുക്കിപ്പണിയുമ്പോള്‍ ആയിരങ്ങളാണ് ചുളുവില്‍ കരാറുകാരന്റെ പോക്കറ്റില്‍ വീഴുന്നത്. അപ്പോള്‍ പുതിയഡാമിന്റെ സ്ഥിതിയോ? ശിവശിവ. ആരും സംയമിയായിപ്പോവും.
വിദേശകുത്തകകള്‍ക്ക് സ്വന്തം നാട്ടിലെ തേരാപാരകളെ പന്ത് തട്ടാന്‍ പാകത്തിലുള്ള ഒരു വ്യവസ്ഥിതി രൂപപ്പെടുത്താനുള്ള ആലോചന തല്ക്കാലം ഫ്രീസറില്‍ വെച്ചിരിക്കുകയാണ്. പറ്റിയ സമയം, സന്ദര്‍ഭം തുടങ്ങിയവ വന്നാല്‍ ആ വൈറസ് പുറത്തുചാടും; വ്യാപിക്കും. അങ്ങനെ സംഭവിച്ചാല്‍ ഉണ്ടായേക്കാവുന്ന സ്ഥിതിഗതികളെക്കുറിച്ചാണിപ്പോള് നമ്മുടെ സംയമിയായ സര്‍ദാര്‍ജി ആലോചിക്കുന്നത്. സാമ്പത്തികശാസ്ത്രത്തിന്റെ മറുകരകണ്ട പുമാനെക്കുറിച്ചുള്ള നമ്മുടെ ധാരണകളെല്ലാം പരമാബദ്ധമാണ്.അതുകൊണ്ടുതന്നെയാണല്ലോ ടിയാന് ഇപ്പോഴും ഇന്ദ്രപ്രസ്ഥത്തില്‍ അടക്കി വാഴുന്നത്.ഈ മന്മോഹനന്റെ ചില്ലറക്കച്ചവടത്തിലെ പാളിച്ചകളെക്കുറിച്ചാണ് കെ.വേണു പരിചിന്തനം ചെയ്യുന്നത്. ടി സാധനം അച്ചടിച്ചിരിക്കുന്നതും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ത്തന്നെ.
വിപണി മത്സരത്തിനുമേല്‍ യാതൊരു നിയന്ത്രണവും വേണ്ടെന്ന വാദത്തിന് ശാസ്ത്രീയാടിസ്ഥാനം നല്കാന് മുതലാളിത്ത സൈദ്ധാന്തികര്‍ പലപ്പോഴും ഡാര്‍വിനിസത്തെ ഉപയോഗപ്പെടുത്താറുണ്ട്. ഡാര്വിന് ഒരു തലത്തിലും അംഗീകാരം നല്കിയിട്ടില്ലാത്ത ‘സോഷ്യല്‍ ഡാര്‍വിനിസ’മാണ് മുതലാളിത്തത്തിന്റെ രക്ഷയ്ക്കെത്തുന്നത്. ജൈവപരിണാമത്തിന് അടിസ്ഥാനമായി ഡാര്വിന് അവതരിപ്പിച്ച ‘കഴിവുള്ളവര്‍ അതിജീവിക്കുന്നു’ എന്ന ‘പ്രകൃതിനിര്‍ധാരണ’ സിദ്ധാന്തം മനുഷ്യസമൂഹത്തിലും പ്രാവര്‍ത്തികമാകുന്നത് സ്വാഭാവികമാണെന്നാണ് മുതലാളിത്ത സൈദ്ധാന്തികര്‍ വിശദീകരിക്കുന്നത്. ച്ചാല്‍ റുപ്പിയ കൈയിലുള്ളവന് കഴിഞ്ഞു കൂടിയാല്‍ മതിയെന്ന്! മറ്റുള്ളവര്‍ക്കുള്ള വേസ്റ്റ് ലാന്റ് കുത്തകകള്‍ സ്പോണ്സര് ചെയ്യും. വിദേശത്തുനിന്ന് സാമ്പത്തികശാസ്ത്രം പഠിച്ച നിലയ്ക്ക് എന്തെങ്കിലുമൊക്കെ അവര്‍ക്ക് ചെയ്തുകൊടുക്കണ്ടേ? അറ്റകൈക്ക് തിന്ന ചോറിന് ഒരു സ്മോള്‍ നന്ദി. ആ നന്ദിയെ വിശകലനം ചെയ്യുന്ന ലേഖനമാണ് ചില്ലറക്കച്ചവടം; മന്മോഹന്റെ പാളിച്ചകള്‍.
ദൈവത്തെക്കാണാന്‍ അവസരം കൈവരുമോ എന്നറിയില്ല. ഏതായാലും ‘ദൈവകണം’ എന്ന ഹിഗ്സ്ബോസോണ്കണ്ടെത്താനുള്ള അവസാന ശ്രമത്തില്‍ നിര്‍ണായകമായ മുന്നേറ്റമുണ്ടായെന്നാണ് വാര്‍ത്ത. പ്രപഞ്ചത്തിലെ പദാര്‍ത്ഥങ്ങള്‍ക്ക് പിണ്ഡം നല്കുന്ന സൂക്ഷ്മകണം എന്നുകരുതപ്പെടുന്ന ‘ഹിഗ്സ് ബോസോണ്‍’ കണ്ടെത്തിയാല്‍ പിന്നെ പ്രപഞ്ചമുണ്ടായതിനെക്കുറിച്ച് ധാരണകിട്ടും. ആ ധാരണകിട്ടിയതുകൊണ്ട് എന്ത് പ്രയോജനം എന്നു ചോദിച്ചാല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെയത്രയും ബുദ്ധി വൈഭവം ലഭ്യമാവും എന്നു മറുപടി. ശ്രീധര്‍മ്മശാസ്താവിനെ ഏതൊക്കെതരത്തില് വിറ്റ് കാശാക്കാമെന്ന കാര്യത്തില്‍ ഡോക്ടറേറ്റ് നേടിയ വിദ്വാന്മാരാണല്ലോ ബോര്‍ഡ് ഭരിക്കുന്നത്. ശബരിമല ധര്‍മ്മശാസ്താവിനെ ഏതുതരത്തില്‍ പൂജിക്കണം, എത്രയൊക്കെ ആരതി ഉഴിയണം, മൂലമന്ത്രം ജപിക്കുമ്പോള്‍ പാലിക്കേണ്ട ചിട്ടകള്‍ എന്തൊക്കെ എന്നുതുടങ്ങി ശബരിമലയുള്‍പ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ആചാരമര്യാദകള്‍ ദേവസ്വം ബോര്‍ഡ് സ്വായത്തമാക്കിയിട്ടുണ്ട്. അതിനിടയില്‍ തന്ത്രി, മന്ത്രി എന്നൊക്കെപ്പറഞ്ഞ് ആരും തടികേടാക്കാനുള്ള പണിക്ക് ഇറങ്ങിത്തിരിക്കേണ്ടെന്നാണ് ബഹുമാന്യ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എം.രാജഗോപാലന്‍നായര്‍ പറയുന്നത്. തന്ത്രി കണ്ഠരര് മഹേശ്വരരുടെ മകളുടെ മകന് രാഹുല്‍ ഈശ്വര്‍ മുത്തച്ഛനൊപ്പം ക്ഷേത്ര ശ്രീകോവിലില്‍ കയറാന്‍ തുനിഞ്ഞതാണ് പ്രകോപനത്തിന് കാരണം.
തന്ത്രിയുടെ മകന്റെ മകന് ശ്രീകോവിലില്‍ തന്ത്രിയെ സഹായിക്കാം, എന്നാല്‍ മകളുടെ മകന് പറ്റില്ലെന്ന് ദേവലോകത്തുനിന്ന് നിര്‍ദ്ദേശം വന്നിട്ടുണ്ടത്രേ. സംഗതി എന്തുതന്നെയായാലും പൂജാക്രമങ്ങളുടെ ഓങ്കാരമറിഞ്ഞുകൂടാത്ത ഉദ്യോഗസ്ഥ പ്രഭൃതികളും മറ്റും ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് പായസം വെച്ചു വിളമ്പുന്ന ഏര്‍പ്പാട് നിറുത്തുന്നതാണ് നല്ലത്. നടവരവിലെ കൂമ്പാരത്തിലേക്ക് നോക്കി ഏമ്പക്കം വിടുന്ന ക്ഷുദ്രപ്രവര്‍ത്തനങ്ങളുടെ ആയിരം കാതം അടുത്തുപോലും എത്തുന്നില്ലല്ലോ രാഹുല്‍ ഈശ്വറിന്റെ പ്രവൃത്തി. ഇത്തിരിചങ്കൂറ്റമുള്ള ആണ്‍കുട്ടിയായതിനാല്‍ അയാളെ ശബരിമല വിരുദ്ധര്‍ക്ക് അത്രയ്ക്കങ്ങ് പിടിക്കുന്നില്ല; സ്വാമിശരണം.
തൊട്ടുകൂട്ടാന്‍
മനുഷ്യനായതിനുശേഷം
പ്രതിമയാകുന്നതിലും നല്ലത്
പ്രതിമയായതിനു ശേഷം
മനുഷ്യനാകുന്നതാണെന്ന്
പ്രതിമയായ എനിക്കു
തോന്നുന്നു
ജിജി.കെ. ഫിലിപ്പ്
കവിത: നഗരത്തിലെ പ്രതിമ
ധിഷണ മാസിക (ഡിസംബര്‍)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: