ഭക്തന് ദിവ്യപുരുഷനെ കാണുന്നത് അനന്തത്തിനും പരിമിതിക്കും ഇടയ്ക്കുള്ള ഒരു കണ്ണായിട്ടാണ്. ആദ്യം ദിവ്യപുരുഷന്റെ അത്ഭുതകരമായ രാമണീയകത്താല്‍ അയാള്‍ ആകൃഷ്ടനാവുന്നു. പിന്നെ ആ വ്യക്തിത്വത്തിലൂടെ അയാള്‍ അനന്തസത്യത്തെ സാക്ഷാത്കരിക്കുന്നു.
നമ്മുടെ ഭാവങ്ങള്‍ക്ക് ആശ്രയമായി ഏതെങ്കിലും ഒരു വസ്തുവേണം. ഏതെങ്കിലും ദിവ്യപുരുഷനോട് ആകര്‍ഷണം തോന്നുന്നില്ലെങ്കില്‍ സ്വാഭാവികമായും നാം ഏതെങ്കിലും മനുഷ്യരൂപത്തെ സ്വീകരിച്ച് അതില്‍ ആസക്തരായിത്തീരുന്നു. ഈ മഹാവ്യക്തികളുടെ കാര്യത്തിലാവട്ടെ, ആദ്യം അവരുടെ മാനുഷികഭാവത്താലാണ് നാം ആകൃഷ്ടരാവുന്നതെങ്കിലും പിന്നീട് നാം അവരിലെ ദിവ്യചൈതന്യത്തെ കാണുന്നു. ഇതാണ് അവതാരപുരുഷനെ ആരാധിക്കേണ്ടതിന്റെ ആവശ്യം.
ഒരു കെട്ടിടം പണിയണമെങ്കില്‍ അതിനൊരുമ മാതൃക വേണം. മഹാപുരുഷന്മാരുടെ ശരീരവും മനസ്സും പ്രപഞ്ചചൈതന്യത്തെ പ്രകാശിപ്പിക്കുന്ന കണ്ണാടിക്കൂടുകള്‍ പോലെയാണ്; നമ്മുടേത്, അങ്ങേയറ്റം, ഇരുമ്പുകൂടുപോലെയും, ആ ഇരുമ്പുകൂടിനെ കണ്ണാടിക്കൂടാക്കി മാറ്റുകയാണ് നമ്മുടെ കര്‍ത്തവ്യം. അതിനുള്ള ഈ ദിവ്യാത്മാക്കള്‍ അവരുടെ അമാനുഷമായ ആദ്ധ്യാത്മപരിശ്രമത്തിലൂടെ നമുക്ക് കാണിച്ചുതരുന്നുണ്ട്. ഈ ദിവ്യപുരുഷന്മാര്ക്കുപോലും തങ്ങളുടെ ശരീര-മനസ്സുകളെ ക്രമമായ സാധനകൊണ്ടും സംസ്കരണം കൊണ്ടും കറയറ്റതാക്കേണ്ടിവന്നു. അവര്‍ക്കും തങ്ങളുടെ ഉപകരണങ്ങളെ കേടറ്റതാക്കേണ്ടിവന്നു.
പുരാണങ്ങളില്‍ ഈ ദിവ്യപുരുഷന്മാരുടെ വര്‍ണനയില്‍ വ്യക്തിത്വവും തത്ത്വവും അത്ഭുതകരമായി മേളിക്കുന്നത് നാം കാണുന്നു. അവരില്‍ ബോധാതീതം സബോധതലത്തിലൂടെ പ്രകാശിക്കുന്നു; അതുകൊണ്ട് ആദ്യം നാം അവരുടെ മാനുഷഭാവത്താല്‍ ആകൃഷ്ടരായെങ്കില്‍ ക്രമേണ അവരുടെ ദിവ്യഭാവവുമായി സമ്പര്‍ക്കത്തില്‍ വരുന്നു.
കേവലാദ്വൈതവാദിപോലും ഇന്നത്തെ നമ്മുടെ നിലയില്‍ നമുക്ക് ഗ്രഹിക്കാവുന്ന തത്വങ്ങള്‍ പറഞ്ഞുതന്ന് കൈപിടിച്ച് നമ്മെ കൂടുതല്‍ ഉയര്‍ന്ന തത്വങ്ങളിലേക്ക് നയിക്കാന്‍ തയ്യാറാണ്. വിഗ്രഹാരാധന ജനങ്ങള്‍ തരണം ചെയ്യേണ്ടതും ആവശ്യവുമായ ഒരു പടിയാണ്. തങ്ങളുടെ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും ആശ്രയമായി ഒരു ദിവ്യവീക്ഷണത്തെ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഏതെങ്കിലും വികൃതമായ മാനുഷവിഗ്രഹത്തെ – പുരുഷരൂപത്തിലോ സ്ത്രീരൂപത്തിലോ ഉള്ള ഒരു പാവയെ – സ്വീകരിച്ച് ആരാധിച്ച് അതിന്റെ അടിമയായി തീരും.
കൂടുതല്‍ നല്ല വിഗ്രഹമേതാണ്, രക്തമാംസമയമായ ഒരു സാധാരണ വിഗ്രഹമോ, അതോ, ഉന്നതാദര്‍ശത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു വിഗ്രഹമോ? മാനുഷവിഗ്രഹത്തില് ഉന്നതാദര്ശമൊന്നും കാണില്ല. അരൂപമായതിനെ ധ്യാനിക്കുമ്പോള്‍ അത് അരൂപമായി തന്നെ വര്‍ത്തിക്കുന്നു. എന്നാല്‍ മാനുഷവിഗ്രഹങ്ങള് നമ്മുടെ ശ്രദ്ധയൊട്ടാകെ പിടിച്ചുനിര്‍ത്തി തികച്ചും സത്യമെന്നപോലെയായി തീരുകയും പിന്നെ ബാക്കിയെല്ലാം മുറപോലെ നടക്കുകയും ചെയ്യുന്നു.
നമ്മുടെ വ്യക്തിത്വത്തില്‍ നിന്ന് വിഭിന്നമായി, പുരുഷരൂപത്തില്‍ നിന്നും സ്ത്രീരൂപത്തില്‍ നിന്നും വിഭിന്നമായി നമ്മിലുള്ള ചൈതന്യത്തെ നമുക്കെത്രകണ്ട് കാണാന്‍ കഴിയുന്നുവോ അത്രയും മറ്റുള്ളവരിലും, അവരുടെ രൂപത്തില്‍ നിന്നും വ്യക്തിത്വത്തില്‍ നിന്നും വിഭിന്നമായി, ചൈതന്യത്തെ നമുക്ക് ഭാവന ചെയ്യാന്‍ കഴിയുന്നു. അപ്പോള്‍ നമുക്ക് ഭദ്രതയായി. പിന്നെ, നാം ഒരിക്ക്ലും യാതൊരു പാവയുടെയും അടിമയാവില്ല.
അന്വേഷകരുടെ അറിവിന്റെ വളര്‍ച്ചയനുസരിച്ച് അന്വേഷിക്കുന്ന സത്യവസ്തുവിനെക്കുറിച്ചുള്ള സങ്കല്പം മാറിക്കൊണ്ടിരിക്കും. ശ്രീരാമകൃഷ്ണന് പറയുന്നു : ‘മൂന്നു തരം ഭക്തന്മാരുണ്ട്. ഏറ്റവും താണയാള്‍ പറയുന്നു, ‘ ഭഗവാന് അതാ അവിടെ’ അയാള്‍ സ്വര്‍ഗത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇടത്തരക്കാര്‍ പറുന്നു, ഭഗവാന് അന്തര്യാമിയായി ഹൃദയത്തില്‍ വസിക്കുന്നുവെന്ന്. ഏറ്റവും ഉയര്‍ന്ന ഭക്തന് പറയുന്നു, ഈശ്വരന് തന്നെയാണ് ഇതെല്ലാമായിരിക്കുന്നത്. നാം കാണുന്നതെല്ലാം ഈശ്വരസ്വരൂപങ്ങള്‍ തന്നെ.’
പരമസത്യത്തിന്റെ സാകാര – നിരാകാരഭാവങ്ങള്‍ തമ്മിലുള്ള ബന്ധം അദ്ദേഹം ഇങ്ങനെ വ്യക്തമാക്കുന്നു: കേവല സച്ചിദാനന്ദമായ ബ്രഹ്മം കരയില്ലാത്ത മുദ്രമാണെന്ന് വിചാരിക്കുക. ഭക്തന്റെ പ്രേമത്തിന്റെ ശൈത്യത്താല്‍ വെള്ളം അവിടവിടെ മഞ്ഞുകണ്ടയായിരിക്കുന്നു. മറ്റുവിധത്തില്‍ ഭഗവാന് ചിലപ്പോഴൊക്കെ തന്റെ ഭക്തന്മാര്ക്കുവേണ്ടി വിഭിന്ന രൂപങ്ങള്‍ ധരിച്ച് വ്യക്തിയായി അവര്‍ക്ക് ദര്‍ശനം കൊടുക്കുന്നു. എന്നാല്‍ ജ്ഞാനസൂര്യന്റെ ഉദയത്തോടെ മഞ്ഞുകട്ടകള്‍ ഉരുകുന്നു. പിന്നെ ഈശ്വരന് വ്യക്തിയാണെന്ന് തോന്നുന്നില്ല; ഈശ്വരരൂപങ്ങള്‍ കാണുകയുമില്ല.”
– യതീശ്വരാനന്ദസ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: