ചണ്ഡിഗഡ്: രുചിക പീഡനക്കേസിലെ പ്രതി ഹരിയാന മുന്‍ ഡി.ജി.പി എസ്.പി എസ് റാത്തോഡിന്റെ പെന്ഷന് ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചു. ആനുകൂല്യങ്ങള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ (സിഎടി) റദ്ദാക്കിയതിനെ തുടര്‍ന്നാണിത്.
കേസില്‍ ഒന്നരവര്‍ഷം തടവിനു വിധിക്കപ്പെട്ട റാത്തോഡ് ഇപ്പോള്‍ ജയിലിലാണ്. സി.എ.ടി മേധാവി ജസ്റ്റിസ് എസ്.ഡി. ആനന്ദാണു രാത്തോഡിനു പെന്ഷന് നല്‍കണമെന്ന് ഉത്തരവിട്ടത്. കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനാണെന്ന് ഉത്തരവില്‍ പറയുന്നു.
ഇരുപതുവര്‍ഷം മുന്‍പാണു പതിനാലുകാരി ടെന്നിസ് പ്ലെയര്‍ രുചിക ഗിര്ഹോത്ര മാനഭംഗത്തിനിരയായത്. മൂന്നു വര്‍ഷത്തിനുശേഷം രുചിക ജീവനൊടുക്കി. കേസിലെ മുഖ്യപ്രതി രാത്തോഡിന് 19 വര്‍ഷത്തിനുശേഷം കോടതി ആറുമാസം തടവുശിക്ഷ വിധിച്ചിരുന്നു.
ശിക്ഷ കുറഞ്ഞു പോയതിനെത്തുടര്‍ന്നു രുചികയുടെ ബന്ധുക്കളും കൂട്ടുകാരി ആരാധനയും ശക്തമായി രംഗത്തു വരുകയും കേസ് സിബിഐ ഏറ്റെടുക്കുകയും ചെയ്തു. ശക്തമായ ജനരോഷവുമുണ്ടായി. പിന്നീട് സെഷന്‍സ് കോടതി ശിക്ഷ ഒന്നരവര്‍ഷമായി കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: