തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളികള്‍ക്കെതിരേ തമിഴ്നാട്ടില്‍ തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം കുപ്രചരണങ്ങളാണ് മലയാളികള്‍ക്ക് നേരെ ഉണ്ടാവുന്ന അക്രമങ്ങള്‍ക്ക് കാരണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
തമിഴ്നാട്ടിലെ മലയാളികളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം. തമിഴ്നാട്ടുകാര്‍ കേരളത്തില്‍ അക്രമത്തിന് ഇരയാകുന്നുവെന്ന തെറ്റായ വാര്‍ത്തകള്‍ ചിലര്‍ നിരന്തരം പ്രചരിപ്പിക്കുന്നു. തമിഴ്നാട്ടിലെ ഒരാള്‍ക്കും കേരളത്തില്‍ അക്രമം നേരിടേണ്ടി വന്നിട്ടില്ല. കേരളത്തിലെ തമിഴ്നാട്ടുകാരെല്ലാം സുരക്ഷിതരാണെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടുകാരെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അയ്യപ്പ ഭക്തരെ ആക്രമിക്കുന്നുവെന്നുമുളള വാര്‍ത്തകളാണു പ്രചരിക്കുന്നത്. ഇത് അടിസ്ഥാന രഹിതമാണ്. മലയാളികള്ക്കെതിരെയുളള അക്രമങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ തമിഴ്നാട് സര്‍ക്കാരുമായി നിരന്തരം ചര്‍ച്ച നടത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം അങ്ങേയറ്റം സഹിഷ്ണുതയാണു പുലര്‍ത്തുന്നത്. ഇതു മലയാളികളുടെ മാന്യതയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞൂ. ചെന്നൈ നഗരത്തില്‍ മലയാളികളുടെ എട്ടോളം കടകള്‍ അഭിഭാഷകര്‍ പ്രകടനമായെത്തി നശിപ്പിച്ചിരുന്നു. റോയപ്പേട്ടയില്‍ മലയാളിയായ ഷബീറിന്റെ ചായക്കടയും ആക്രമിച്ചു. മൈലാടുതുറയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തിനുനേരെയും അക്രമം നടന്നു.
എതാനും ദിവസം മുമ്പ് സൈദാപ്പേട്ടിലെതന്നെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി അക്രമികള്‍ തകര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: