മലപ്പുറം: കൊലക്കേസ് പ്രതിയുടെ കൈ വെട്ടിമാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവാലി സ്വദേശി സിറാജുദ്ദീനെ ആണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
വിചാരണയ്ക്കായി കോടതിയിലേക്കു പോകുമ്പോള്‍ പുലത്ത് താഴംകോട് കോടാലി പുലിക്കോട്ട് മുഹമ്മദിന്റെ മകന് ഫയാസി(28)നാണ് ഇന്നലെ വെട്ടേറ്റത്. നേരത്തേ ഫുട്ബോള്‍ മാച്ചിനിടെ അബ്ദുള്‍ നാസര്‍ എന്നയാള്‍ മരിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഫയാസിന്റെ കൈ വെട്ടിമാറ്റിയത്. സംഭവത്തില്‍ നാസറിന്റെ ബന്ധു ഖാലിദ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണു കേസെടുത്തിരിക്കുന്നത്.
പോലീസ് കസ്റ്റഡിയിലെടുത്ത സിറാജുദ്ദീന് ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ പരുക്കേറ്റിരുന്നു. ആശുപത്രിയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഫയാസിനെ അപകടപ്പെടുത്താന്‍ പലതവണ ശ്രമമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: