മുണ്ടക്കയം (ഇടുക്കി) : മതപരിവര്‍ത്തനത്തിന് വിസമ്മതിച്ച ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചു. കൂട്ടിക്കല്‍ പഞ്ചായത്തിലെ വലീറ്റ കോളനിയില്‍ കുഴിക്കാലായില്‍ കെ.ജി അനീഷി (26) നും ഭാര്യ വിജയശ്രീ (22) ക്കും ഭാര്യാ സഹോദരന് അഭിലാഷിനുമാണ് മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. അനീഷിന്റെ മാതാപിതാക്കളും ജ്യേഷ്ഠസഹോദരന്മാരും ചേര്‍ന്നാണ് കഴിഞ്ഞ നാലിന് രാത്രി ഏഴ് മണിയോടുകൂടി ഇരുമ്പുകമ്പിയും ഉലക്കയും ഉപയോഗിച്ച് മര്‍ദ്ദിച്ച് ഇരുവരുടെയും കയ്യും കാലും തല്ലിയൊടിച്ചത്. ആറ് മാസം പ്രായമായ കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരുടെ 65 ഗ്രാം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും അറുപതിനായിരം രൂപ വരുന്ന വീട്ടുപകരണങ്ങളും കയ്യടക്കി വച്ചിട്ട് ഇവരെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു.
അനീഷും ഭാര്യയും കുഞ്ഞും മാതാപിതാക്കളും ജ്യേഷ്ഠ സഹോദരന്മാരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പെട്ട ഇവരില്‍ അനീഷും ഭാര്യയും കുട്ടിയും ഒഴികെ ബാക്കിയുള്ളവര്‍ ക്രിസ്തുമത വിശ്വാസികളാണ്. ഹിന്ദുദൈവങ്ങള്‍ പിശാചുക്കളാണ് എന്നും മറ്റും പറഞ്ഞ് വീട്ടുകാര്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി അനീഷിന്റെ ഭാര്യ വിജയശ്രീ ജന്മഭൂമിയോടു പറഞ്ഞു.
കഴിഞ്ഞ നാലിന് വിജയശ്രീയുടെ സഹോദരനായ അഭിലാഷിനോട് അനീഷിന്റെ സഹോദരന്മാര് സഹോദരിയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയാണെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് അഭിലാഷും ബാറില്‍ ജോലി നോക്കുന്ന അനീഷും കൂട്ടിക്കലിലെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. അനീഷിന്റെ മാതാപിതാക്കളായ കെ.പി ഗോപിയും, ചെല്ലമ്മയും, സഹോദരങ്ങളായ മനോജും മനീഷും ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. കണ്ണില്‍ മുളകുപൊടി വിതറിയശേഷം ഇരുമ്പുകമ്പി ഉപയോഗിച്ചും ഉലക്കകൊണ്ടും അനീഷിന്റെയും അഭിലാഷിന്റെയും കൈകാലുകള്‍ തല്ലിയൊടിച്ചു. വിജയശ്രീക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. കുഞ്ഞിനെയും എടുത്തുകൊണ്ട് അയല്‍വീട്ടിലേക്ക് ഓടിയാണ് വിജയശ്രീ രക്ഷപെട്ടത്. ദേവസ്യ മുല്ലക്കരയുടെ ആത്മാഭിഷേക ചര്‍ച്ചിലെ അംഗങ്ങളാണ് പ്രതികള്‍. കെ.ജി മനീഷ് പാസ്റ്ററായി പ്രവര്‍ത്തിക്കുന്നയാളാണ്. മനോജ് എറണാകുളത്ത് പി.ഡബ്ല്യൂ.ഡി ജീവനക്കാരനാണ്. ചോറ്റി മഹാദേവക്ഷേത്രത്തില്‍ തൊഴാന്‍പോയി എന്ന കാരണത്താലായിരുന്നു അക്രമം.
മതംമാറ്റത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ കിടപ്പാടവും സ്വത്തും നഷ്ടപ്പെട്ട അവസ്ഥയിലാണ് അനീഷും കുടുംബവും. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതികളെ പോലീസ് പിടികൂടാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മതപരിവര്‍ത്തനത്തിന്റെ പേരില്‍ നടന്ന അക്രമത്തിനെതിരെ കേരള ദളിത് ഫെഡറേഷന് പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ രക്ഷപെടാന്‍ അനുവദിക്കുന്ന നയമാണ് പോലീസ് സ്വീകരിക്കുന്നതെന്ന് കെ.ഡി.എഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കെഡിഎഫ് നേതാവായ പി.സി ഷാജി, രാജു പോരാപ്പള്ളി, ഷാജി മുണ്ടക്കയം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: