ന്യൂദല്‍ഹി: ഹോട്ടല്‍ വ്യവസായിക്കെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ദല്‍ഹി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയെന്ന ആരോപണമുയര്‍ന്ന ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്ട്ടികളുയര്ത്തിയ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് വീണ്ടും സ്തംഭിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം ശബ്ദായമാനമായ അന്തരീക്ഷം സൃഷ്ടിച്ചതോടെ നടപികളിലേക്ക് കടക്കാതെ ഇരുസഭകളും തിങ്കളാഴ്ചത്തേക്ക് പിരിയുകയായിരുന്നു.
ആരോപണവിധേയനായ ചിദംബരം രാജിവെച്ചേ പറ്റൂ എന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നതോടെ ലോക്സഭയുടെയും രാജ്യസഭയുടെയും അധ്യക്ഷന്മാര് ആദ്യം ഉച്ചവരെയും പിന്നീട് ദിവസം മുഴുവനും സഭാപ്രവര്‍ത്തനം നീട്ടിവെക്കുകയായിരുന്നു. ഹോട്ടല്‍ വ്യവസായിക്കെതിരായ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കേസുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രിയെന്ന നിലക്ക് ദല്‍ഹി സര്‍ക്കാരിനോട് രേഖാമൂലം നിര്‍ദ്ദേശിച്ചു എന്നാണ് ആരോപണം. 1997-ല്‍ കേസില്‍ പ്രതിയായ ഗുപ്ത എന്നയാള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത് ചിദംബരമായിരുന്നു.
രാജ്യസഭയില്‍ ചോദ്യോത്തരവേള തുടരാനും മുന്‍ അംഗം രാജ്ബഹാദൂര്‍ ഗൗറിന് ആദരാഞ്ജലി അര്‍പ്പിക്കാനും അധ്യക്ഷന്‍ ഹമീദ് അന്‍സാരി ബിജെപി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആദരാഞ്ജലി അര്‍പ്പിച്ചശേഷം ചോദ്യോത്തരവേള നടത്താനാവാത്തതിനാല്‍ സഭ 12 മണിവരെ നിര്‍ത്തിവെക്കുകയാണെന്ന് അന്‍സാരി പറഞ്ഞു. വീണ്ടും ചേര്‍ന്നെങ്കിലും അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നതിനാല്‍ സഭ പിരിയുകയാണെന്ന് അധ്യക്ഷന്‍ അറിയിച്ചു.
സമാനരംഗങ്ങള്‍ അരങ്ങേറിയ ലോക്സഭയിലും സ്പീക്കര്‍ മീരാകുമാര്‍ ആദ്യം ഉച്ചവരെയും പിന്നീട് ദിവസം മുഴുവനും സഭാ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.
തന്റെ കക്ഷിയും ഹോട്ടല്‍ വ്യവസായിയുമായ എസ്.പി. ഗുപ്തയെ രക്ഷിക്കാന്‍ മന്ത്രി ചിദംബരം അധികാരദുരുപയോഗം നടത്തിയെന്ന് ആരോപിച്ച് വ്യാഴാഴ്ചയും ബിജെപി അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധമുയര്‍ത്തിയിരുന്നു. ചിദംബരത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. സുനൈര്‍ ഹോട്ടലിന്റെ ഉടമയാണ് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന എസ്.പി. ഗുപ്ത. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്ത് കോടികള്‍ തട്ടിച്ചുവെന്നാണ് ഗുപ്തക്കെതിരായ കേസ്. കുറ്റപത്രം റദ്ദാക്കണമെന്ന ഗുപ്തയുടെ ആവശ്യം ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. കോടതിയില്‍ ഇയാള്‍ക്ക് വേണ്ടി ഹാജരായത് ചിദംബരമായിരുന്നു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ തുടക്കം മുതല്‍ മന്ത്രി ചിദംബരം പ്രതിപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പ് നേരിടുകയാണ്. 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ ആരോപണവിധേയനായ ചിദംബരം രാജിവെക്കുന്നതുവരെ അദ്ദേഹത്തെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്നാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുടെ നിലപാട്. ഇതിനിടെയാണ് തന്റെ കക്ഷിക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ചിദംബരം നിര്‍ദ്ദേശിച്ചെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഒരു സ്വകാര്യ ചാനലാണ് ചിദംബരത്തിന്റെ ഇടപെടല്‍ പുറത്തുകൊണ്ടുവന്നത്.
എന്നാല്‍, ബിജെപിയുടെ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പി. ചിദംബരം അവകാശപ്പെട്ടു. കേസുകള്‍ പിന്‍വലിക്കണമന്ന് ആവശ്യപ്പെട്ട് 2004 മുതല്‍ ഗുപ്ത ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കുന്നതാണെന്നും ഇതിനായി നാല്പതോളം അപേക്ഷകള്‍ നല്‍കിയിട്ടുണ്ടെന്നും മൂന്ന് എംപിമാരുടെ പിന്തുണ ഇതിനുണ്ടെന്നും ചിദംബരം പറഞ്ഞു.
അതേസമയം, ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ബിജെപി വ്യക്തമാക്കി. താന്വാദിച്ചയാളുടെ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടും തനിക്ക് അതില്‍ യാതൊരു പങ്കുമില്ലെന്ന മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: