ഹേഗ്: ജനാധിപത്യ പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റേയും ടുണീഷ്യയുടെ മുന്‍ പ്രസിഡന്റ് സൈനലബ്ദീന്‍ ബെന്‍ അലിയുടേയും സ്വത്തുക്കള്‍ സംബന്ധിച്ച് അന്വേഷണം നടത്തും. ഇരുവര്‍ക്കും യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലുമുള്ള സ്വത്തുക്കളെ സംബന്ധിച്ച് അന്വേഷണം നടത്താനും വേണ്ടിവന്നാല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനുമാണ് തീരുമാനം. അഴിമതിയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂണിയന് സംഘടനയായ യൂറോജസ്റ്റിന്റെ വക്താവ് ജോണ്‍സ് തൂയ് ആണ് ഇക്കാര്യം അറിയിച്ചത്.
അധികാരത്തില്‍ നിന്നും പുറത്തായ രണ്ട് പ്രസിഡന്റുമാരും രാജ്യത്തിനുവെളിയില്‍ പണം നിക്ഷേപിച്ചതായും കാനഡയിലും യുഎസിലും ഉള്‍പ്പടെ യൂറോപ്പിലെമ്പാടുമായി വസ്തുവകകള്‍ സ്വന്തമാക്കിയതായും തൂയി ആരോപിച്ചു. വിവിധ രാജ്യങ്ങളിലെ പ്രോസിക്യൂട്ടര്‍മാരുമായി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മുബാരക് സ്ഥാനഭ്രഷ്ടനായത്. 18 ദിവസം നീണ്ടുനിന്ന ജനകീയപ്രക്ഷോഭത്തില്‍ 850ഓളം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേരുടെ കൊലപാതകത്തിനിടയാക്കിയതിന് മുബാരക് ഇപ്പോള്‍ ഈജിപ്ത് കോടതിയില്‍ വിചാരണ നേരിടുകയാണ്. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്.
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ബെന്‍ അലിയും ഭാര്യയും ഇപ്പോള്‍ സൗദി അറേബ്യയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: