പാലക്കാട്: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ നിന്ന് സുരക്ഷ നല്കാന് അകമ്പടി വന്ന തമിഴ്നാട് പോലീസ് കെഎസ്ആര്‍ടിസി ഡ്രൈവറെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ അഞ്ച് മണിക്കൂര്‍ പാലക്കാട് ഡിപ്പോയില്‍ നിന്നുള്ള കോയമ്പത്തൂര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. വൈകീട്ട് 6.15 ഓടെയാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. ഡിപ്പോയിലെ ഡ്രൈവര്‍ മുഹമ്മദ് ഫറൂഖിനെയാണ് ഇന്നലെ ഉച്ചയോടെ അകമ്പടി വന്ന തമിഴ്നാട് പോലീസ് കൈയേറ്റം ചെയ്തത്.
അകമ്പടി സേവിക്കുന്ന തമിഴ്നാട് പോലീസ് അനാവശ്യ നിബന്ധനകള്‍ വെക്കുന്നെന്ന പരാതി നേരത്തെ തന്നെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുണ്ട്. ഉക്കടം ബസ്സ്റ്റാന്റ് വിട്ടാല്‍ പിന്നീട് വാളയാറിലേ നിര്‍ത്താവു എന്നതാണ് നിബന്ധന. ഇത് ലംഘിച്ചതിന്റെ പേരിലാണത്രെ മുഹമ്മദ് ഫാറൂഖിനെ കൈയേറ്റം ചെയ്തത്.
കോവൈ പുതൂരില്‍ ബസ് നിര്‍ത്തിയതില്‍ ക്ഷുഭിതരായ പോലീസുകാര്‍ മുഹമ്മദ് ഫാറൂഖിനെ അസഭ്യം പറയുകയും ഷര്‍ട്ടിന്റെ കോളറില്‍ കുത്തിപ്പിടിക്കുകയുമായിരുന്നു. കേരള ഹൈക്കോടതി അഭിഭാഷകനായ പി.സി.ചാക്കോ ഈ സമയം ബസിലുണ്ടായിരുന്നു. ഇദ്ദേഹം ഇടപെട്ടാണ് പോലീസുകാരെ കൂടുതല്‍ അക്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ സര്‍വീസുകള്‍ മുഴുവന്‍ ബഹിഷ്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ഒന്ന് മുതല്‍ വൈകീട്ട് ആറ് വരെയുള്ള കോയമ്പത്തൂര്‍ സര്‍വീസുകള്‍ ഓടിയില്ല. കെഎസ്ആര്‍ടിസിയെ ആശ്രയിച്ചു കോയമ്പത്തൂരിലേക്ക് പോകാനെത്തിയ നൂറു കണക്കിന് യാത്രക്കാര്‍ വലയുകയും ചെയ്തു.
വൈകീട്ടോടെ ഉന്നത ഉദ്യോഗസ്ഥര്‍ കോയമ്പത്തൂര്‍ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് സുരക്ഷ ഉറപ്പു നല്‍കിയതോടെയാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: