പാരീസ്: കുപ്രസിദ്ധ തീവ്രവാദി കാര്‍ലോസ് ദി ജാക്കള്‍ എന്ന കാര്‍ലോസ് ഇലിച്ച് റാമിറസ് സാന്ഷേസിന് ഫ്രഞ്ച് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 18 വര്‍ഷം കാര്‍ലോസിന് ജയിലില്‍ കഴിയേണ്ടിവരും. ഈ സമയത്ത് പരോള്‍ ലഭിക്കില്ല. 1980 ല്‍ ഫ്രാന്‍സിലുണ്ടായ നാലു ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കിയ കേസിലാണ് കാര്‍ലോസിനെ ശിക്ഷിച്ചത്.
പാരീസിലെ കുവൈറ്റ് സ്ഥാനപതി കാര്യാലയം ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിനിടെ പിടിയിലായ രണ്ട് അനുയായികളെ മോചിപ്പിക്കാനാണ് ഫ്രാന്‍സില്‍ കാര്‍ലോസ് ആക്രമണങ്ങള്‍ നടത്തിയത്. ബോംബു സ്ഫോടനങ്ങളില്‍ 11 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കാര്‍ലോസിന്റെ കൂട്ടുപ്രതികളായ ഒരു ജര്‍മന്‍ പൗരനും പലസ്തീന് പൗരനും കോടതി ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ഒരു ജര്‍മന്‍ വനിതയെ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി വിട്ടയച്ചു. ആറാഴ്ച നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കോടതി കാര്‍ലോസിന് ശിക്ഷ വിധിച്ചത്.
കാര്‍ലോസിന് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചിരുന്നു. കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കാര്‍ലോസിന്റെ അഭിഭാഷകന് പറഞ്ഞു. 1975 ല്‍ വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍ വിയന്നയില്‍ യോഗം ചേര്‍ന്ന സ്ഥലത്ത് കടന്നുകയറി 11 പേരെ ബന്ദികളാക്കിയതോടെയാണ് കാര്‍ലോസ് ശ്രദ്ധനേടുന്നത്.
1982 ലും 83 ലും നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് കാര്‍ലോസ് എഴുതിയ കത്തുകള്‍ ഫ്രഞ്ച് അധികൃതര്‍ക്ക് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: