മൂവാറ്റുപുഴ: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഭദ്രാസനത്തിന്റെ ആസ്ഥാനമായ മൂവാറ്റുപുഴ അരമനയും അനുബന്ധവസ്തുക്കളും കയ്യേറുവാനുള്ള യാക്കോബായ സഭയുടെ നീക്കം തടയാന്‍ സര്‍ക്കാരും പോലീസും തയ്യാറായില്ലെങ്കില്‍ സഭ മുന്‍കൈയെടുത്ത് നേരിടുമെന്ന് ഡോക്ടര്‍ തോമസ് മാര്‍ അത്തനോസ്യോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. 17, 18 തീയതികളില്‍ നടക്കുന്ന പെരുന്നാള്‍ ദിവസം യാക്കോബായ സഭ യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടവകയില്‍ 400 കുടുംബങ്ങള്‍ അംഗങ്ങളാണ്. കല്യാണം, മരണം എന്നിവയ്ക്ക് ഉപയോഗിക്കുവാനാണ് ഭദ്രാസനപള്ളി. കൊല്ലവര്‍ഷം 1063 ല്‍ തീറായി വാങ്ങിയതാണ് സ്ഥലം. ഇതിനുശേഷം സഭാ നേതാക്കന്മാര് താമസിച്ചു ഭരണം നടത്തി. 1990 മുതല്‍ ഇപ്പോഴത്തെ തിരുമേനിയാണ് ഭദ്രാസന ഭരണം നടത്തുന്നത്. അരമന കോംപ്ലക്സുള്പ്പടെയുള്ള വികസനങ്ങള്‍ നടത്തിവന്നതും ഇദ്ദേഹമാണ്.
1998ല്‍ അരമനയും വസ്തുക്കളും പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം പോലീസ് തടഞ്ഞിരുന്നു. അപ്പോഴത്തെ മൂന്നാം പ്രതിയാണ് ഇപ്പോഴത്തെ അരമന കയ്യേറ്റത്തിനുള്ള നീക്കം നടത്തുന്നത്. ഇതിനെ ബന്ധപ്പെട്ടവര്‍ പ്രോത്സാഹിപ്പിച്ചാല്‍ അരാജകത്വത്തിലേക്കായിരിക്കും ഈ പ്രശ്നം നീങ്ങുന്നത്. സഭാ തര്‍ക്കങ്ങളിലുള്ള കോടതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. ഇത് പൊതുസമൂഹത്തില്‍ ആശയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നും തിരുമേനി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് വേണ്ട വോട്ട് ചെയ്യാന്‍ സഭ വിപ്പ് നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: