വാഷിംഗ്ടണ്‍: കുത്തകകളുടെ ലാഭക്കൊതിക്കെതിരെ വാള്‍സ്ട്രീറ്റില്‍ തുടങ്ങിയ പ്രക്ഷോഭം അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെ മൂന്ന് തുറമുഖങ്ങളിലേക്ക് വ്യാപിച്ചു. നൂറുകണക്കിന് പ്രകടനക്കാര്‍ തുറമുഖങ്ങളുടെ ഗേറ്റുകള്‍ ഉപരോധിക്കുകയും ലോറി ഗതാഗതം തടസപ്പെടുത്തുകയുമുണ്ടായി. കാലിഫോര്‍ണിയ, ഒറിഗണ്‍, വാഷിംഗ്ടണ്‍ സംസ്ഥാനങ്ങളിലെ തുറമുഖ ഉപരോധത്തില്‍ വളരെ കുറച്ച് അറസ്റ്റുകള്‍ മാത്രമാണ് ഉണ്ടായത്. ഉപരോധം മൂലം തുറമുഖങ്ങളുടെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. കാലിഫോര്‍ണിയയിലെ ഓക്ലാന്ഡില് പ്രകടനങ്ങള്‍ മൂലം രണ്ട് ടെര്‍മിനലുകളിലെ ജോലികള്‍ നടന്നില്ല. ഏതാണ്ട് 150 ഓളം തൊഴിലാളികളെ അവര്‍ തിരിച്ചുവിട്ടു. ഒക്ടോബറില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ് സ്കോട്ട് ഒള്‍സണ്‍ ആയിരം പേരുടെ ജാഥയില്‍ ചേര്‍ന്നാണ് തുറമുഖത്തെത്തിയത്.
ലോസ്ഏഞ്ചല്‍സിലെ ബീച്ച് തുറമുഖത്ത് 300 പ്രകടനക്കാര്‍ പോലീസുമായി ചെറിയതോതില്‍ ഉന്തും തള്ളുമുണ്ടാക്കി. ന്യൂയോര്‍ക്കില്‍ സപ്തംബറിലാണ് പ്രകടനക്കാര്‍ കുത്തകകള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ഒരു പ്രത്യേക സ്ഥലത്ത് തമ്പടിക്കാന്‍ ആരംഭിച്ചത്. ക്രമേണ ഇത് അമേരിക്കന്‍ നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഭരണകൂടം മാറ്റങ്ങള്‍ക്കുശേഷം അവരെ ഒഴിപ്പിച്ചു. ഒറിഗണിലെ പോര്ട്ട്ലാന്ഡില് ഒരു തോക്കും വാളുമായി വന്ന രണ്ടുപേര്‍ അറസ്റ്റിലായി. ഇവര്‍ക്ക് പ്രകടനവുമായി ബന്ധമില്ലെന്ന് പ്രക്ഷോഭകരുടെ വക്താവ് കാറി കോച്ച് അറിയിച്ചു. ഇവിടെ രണ്ട് ടെര്‍മിനലുകളില്‍ ജോലികള്‍ നടന്നില്ല. വാഷിംഗ്ടണിലെ ലോങ്ങ്വ്യു തുറമുഖത്തും ജോലിക്കാരെ തിരിച്ചയക്കുകയായിരുന്നു.
തുറമുഖത്തെ വന്‍കിട കമ്പനികളായ എഎസ്എ മറിന് ധാന്യ കയറ്റുമതി കമ്പനിയായ ഇജിടി എന്നിവയായിരുന്നു പ്രക്ഷോഭകരുടെ ലക്ഷ്യം. ക്യാനഡയിലെ വാന്‍കൂറില്‍ നഗരത്തിലെ തുറമുഖത്ത് പ്രകടനം നടന്നു. അലസ്ക്കയിലും സമാനമായ പ്രതിഷേധങ്ങള്‍ ഉണ്ടായി. വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരെ ഒഴിപ്പിച്ചശേഷം നടക്കുന്ന സംഘടിതമായ ഒരു മുന്നേറ്റമാണിത്. ഓക്ലാന്‍ഡ് തുറമുഖം അടപ്പിക്കുവാന്‍ പതിനായിരം പേരുടെ പ്രകടനമാണ് നവംബര്‍ ആദ്യവാരത്തില്‍ അരങ്ങേറിയതെങ്കില്‍ അതിനെ അപേക്ഷിച്ച് കഴിഞ്ഞദിവസത്തെ പ്രകടനത്തില്‍ ആളുകള്‍ കുറവായിരുന്നു. എന്നാല്‍ തങ്ങള്‍ വിജയിച്ചതായാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. പകല്‍ സമയത്ത് ഓക്ലാന്‍ഡ് തുറമുഖം അടപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി പ്രക്ഷോഭകന് ബൂട്സ് റിലേ അറിയിച്ചു. തുറമുഖപ്രവര്‍ത്തനങ്ങള്‍ ഉപരോധിക്കുന്ന അമേരിക്കന്‍ ഉല്‍പ്പാദകരേയും കര്‍ഷകരേയും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതില്നിന്ന് തടയുന്നു. സാമ്പത്തികമാന്ദ്യത്തില്‍നിന്നും കരകയറാന്‍ ഇതുമൂലം രാജ്യം പ്രയാസപ്പെടേണ്ടിവരുമെന്ന് ധാന്യ കയറ്റുമതി കമ്പനിയായ ഇജിടിയുടെ ചീഫ് എക്സിക്യൂട്ടീവ് ലാറി ക്ലാര്‍ക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: