ന്യൂദല്‍ഹി: ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിച്ച മുന്‍ മന്ത്രി ആര്.ബാലകൃഷ്ണപിള്ളയെ വിട്ടയച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നല്കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
വി.എസിന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയോ, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കുകയോ ചെയ്യാമെന്ന് ജസ്റ്റീസുമാരായ പി.സദാശിവം, ബി.എസ്.ചൗഹാന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് പറഞ്ഞു. ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി വാദം കേട്ട് വിധി പറഞ്ഞതാണെന്നും വീണ്ടും അതേകേസ് പരിഗണിക്കുന്നത് ശരിയല്ലെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ബാലകൃഷ്ണ പിള്ളയ്ക്ക് ശിക്ഷായിളവ് നല്‍കിയത് വസ്തുതാപരമായി പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ഇത് പരിശോധിക്കേണ്ടത് ഹൈക്കോടതിയോ ബന്ധപ്പെട്ട അധികൃതരോ ആണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയില്‍ ഇങ്ങനെയൊരു ഹര്‍ജി നല്‍കേണ്ട ആവശ്യമെന്തിനാണെന്നു കോടതി ചോദിച്ചു. വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും അതിനാലാണ് പരമോന്നത കോടതിയെ സമീപിച്ചതെന്നു വി.എസിനു വേണ്ടി ഹാജരായ അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു. ഒരു ജില്ലാ ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ കേസിന്റെ വസ്തുതകളിലേക്കോ ശരി തെറ്റുകളിലേക്കോ കടക്കുന്നില്ലെന്നു കോടതി പറഞ്ഞു. വിഎസ് ഉയര്‍ത്തിയ ആശങ്കകളെ അവമതിക്കുന്നില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതു ഹൈക്കോടതിയാണ്. ഇത്തരം കേസുകളില്‍ സര്‍ക്കാരുകള്‍ നിയമപരമായ സംരക്ഷണം നല്‍കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നു രണ്ടാമതെത്തിയ മഹേഷ് മോഹന്റെ ഹര്‍ജി പരിഗണിക്കുന്നതു കോടതി വിസമ്മതിച്ചു. മഹേഷിനും ഹൈക്കോടതിയെ സമീപിക്കാമെന്ന് അറിയിച്ചു.
പിള്ളയെ ശിക്ഷിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ്. സുപ്രീം കോടതിയെ സമീപിച്ചത്. പിള്ളയെ മോചിപ്പിച്ച നടപടി റദ്ദാക്കി, സുപ്രീം കോടതി വിധിച്ച ഒരു കൊല്ലത്തെ തടവുശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും വി.എസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: