ട്രിപ്പോളി: ലിബിയയുടെ തലസ്ഥാനമായ ട്രിപ്പൊളിയിലെ അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. സൈനിക തലവന്‍ മേജര്‍ ജനറല്‍ ഖാലിഫ ഹഫ്താറിനെ അനുഗമിച്ചിരുന്ന വാഹന വ്യൂഹത്തിനുനേരെ രണ്ടുപേര്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് ലിബിയന്‍ ടെലിവിഷനെ അറിയിച്ചു. എന്നാല്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമായാണ് കണക്കാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംഭവത്തിനുശേഷം തീരദേശ പാതയില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായതായി അറിയുന്നു.
ലിബിയന്‍ ഏകാധിപതിയായിരുന്ന മു-അമര്‍ ഗദ്ദാഫിയുടെ വധത്തിനുശേഷം രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് കോട്ടം തട്ടിയതായാണ് ഇത്തരം വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് സൈന്യവും വിമതരും നല്‍കുന്നത് വ്യത്യസ്ത ചിത്രമാണ്.
സിന്‍ടാന്‍ ബ്രിഗേഡിലെ തീവ്രവാദികളാണ് ഈ സംഭവത്തിന്റെ പിന്നിലെന്നും വിമാനത്താവളം ഇവരുടെ നിയന്ത്രണത്തിലാണെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സൈനിക ഉദ്യോഗസ്ഥന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. എന്നാല്‍ സൈന്യം തന്നെയാണ് ആക്രമണം നടത്തിയതെന്ന് സിന്ട്ടാന് ബ്രിഗേഡിലെ അംഗം അബുബേക്കര്‍ അല്അഹര്ഷ് മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി.
സൈന്യം വിമാനവേധതോക്കുകള്‍ വഹിച്ചിരുന്ന രണ്ടു ട്രക്കുകള്‍ പിടിച്ചെടുത്തതായും പ്രദേശത്തെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു അവരുടെ ശ്രമമെന്നും തങ്ങളുടെ രണ്ടുപേരെ അവര്‍ മുറിവേല്‍പ്പിച്ചശേഷം മറ്റു രണ്ടുപേരെ അറസ്റ്റു ചെയ്തുവെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
ഗദ്ദാഫിയുടെ മകന് സയിഫ് അല്‍ ഇസ്ലാം സിന്‍ടാന്‍ ബ്രിഗേഡിന്റെ പിടിയിലാണ്. എന്നാല്‍ തങ്ങള്‍ക്കുനേരെ വെടിവെപ്പുണ്ടായതിനുശേഷമാണ് പ്രതികരിച്ചതെന്ന് ലിബിയന്‍ ദേശീയ സേനയുടെ വക്താവ് കേണല്‍ അഹമ്മദ് ബാണി പറഞ്ഞു. ഒരാളെ അറസ്റ്റു ചെയ്തുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെ മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണെന്നും ഇത് ഒറ്റപ്പെട്ട ഒരു സംഭവം മാത്രമണെന്നും അതിന് രാഷ്ട്രീയ, ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അദ്ദേഹം അല്‍ അഹര്‍ ടെലിവിഷനോടു പറഞ്ഞു.
ഭരണകക്ഷിയായ നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ അതിന്റെ ദേശീയ സമവായത്തിനായുള്ള യോഗം കൂടുന്ന ദിവസം തന്നെയാണ് ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാവുന്നത്. ഭീകരര്‍ക്ക് ആയുധങ്ങള്‍ ഉപേക്ഷിച്ച് നഗരം വിടാന്‍ ഭരണകക്ഷി ഡിസംബര്‍ 31 വരെ സമയം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: