ന്യൂദല്‍ഹി: ദല്‍ഹിയില്‍ ജന്തര്‍ മന്ദിറില്‍ അണ്ണാഹസാരെയുടെ ഏകദിന ഉപവാസം തുടങ്ങി. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി സമര്‍പ്പിച്ച ലോക്പാല്‍ ബില്ലിന്റെ കരട് റിപ്പോര്‍ട്ടില്‍ തങ്ങളുടെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് അന്നാ ഹസാരെയുടെ ഉപവാസം.
ശക്തമായ ലോക്പാല്‍ ബില്ല് നടപ്പാക്കിയില്ലെങ്കില്‍ ഡിസംബര്‍ 27 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നാണ് അണ്ണാഹസാരെയുടെ പ്രഖ്യാപനം. രാവിലെ അണ്ണാ ഹസാരെ രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ജന്തര്‍ മന്ദിറിലെത്തി ഉപവാസം തുടങ്ങിയത്. ഹസാരെയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരങ്ങള്‍ ജന്തര്‍ മന്ദിറിലെത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ 55 സ്ഥലങ്ങളില്‍ ഹസാരെ അനുകൂലികള്‍ ഉപവാസ സമരം നടത്തുകയാണ്. ഇത് രണ്ടാം സ്വതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നാണ് അണ്ണാഹസാരെ വിശേഷിപ്പിക്കുന്നത്. താന്‍ മുന്നോട്ട് വച്ച ഭൂരിഭാഗം നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതിനാല്‍ പാര്‍ലമെന്റ് ലോക്പാല്‍ ബില്ലിന്റെ കരട് തള്ളണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.
പ്രശാന്ത് ഭുഷണ്‍, ശാന്തി ഭൂഷണ്, കിര്‍ണ്‍ ബേദി തുടങ്ങി ഹസാരെ സംഘത്തിലെ എല്ലാവരും ജന്തര്മന്ദിറിലെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ ഹസാരെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. അരുണ്‍ ജയ്റ്റ്ലി, എ.ബി ബര്ദന്, വൃന്ദാ കാരാട്ട്, ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കളെല്ലാം ചര്‍ച്ചയ്ക്കായി എത്തുമെന്നാണ് ഹസാരെ സംഘം അറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: