കുമളി : തമിഴ്നാട്ടില്‍ നിന്നെത്തിയ ആയിരക്കണക്കിനാളുകള്‍ കുമളിയിലെ ജനവാസമേഖലയായ റോസാപ്പൂക്കണ്ടത്ത് ഇരച്ചുകയറി വീടുകള്‍ ആക്രമിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുളളത്. അക്രമികളുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുമളി പുളിക്കല്‍ കുന്നേല്‍ ബെന്നി (36) യെ കുമളിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
തമിഴ്നാട്ടില്‍ നിന്നും കേരളത്തെ ആക്രമിക്കാന്‍ ലക്ഷ്യംവച്ചുകൊണ്ട് ജനക്കൂട്ടം കയറിവരുവാന്‍ സാധ്യതയുള്ളതയായി തമിഴ്നാട് ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുകൂടാതെ കേരളത്തില്‍ ഉള്ള ഐ.ബിയും ഇത്തരത്തിലൊരു റിപ്പോര്‍ട്ട് നല്‍കിയതായാണ് അറിയുന്നത്. ഇതൊന്നും കാര്യമാക്കാതിരുന്നതിനാല് വേണ്ടത്ര പോലീസിനെ വിന്യസിച്ചിരുന്നില്ല. ഇന്നലെ പുലര്‍ച്ചേ മുതല്‍ തമിഴ്നാട്ടിലെ കമ്പം കേന്ദ്രീകരിച്ച് അക്രമികള്‍ തടിച്ചു കൂടുന്നതായും അവര്‍ കേരളത്തിലേക്ക് മാര്‍ച്ച് നടത്തുന്നതായും റിപ്പോര്‍ട്ട് വന്നു. കുമളിയിലുണ്ടായിരുന്ന തീരെ കുറച്ചു പോലീസുകാരും ദ്രുതകര്‍മ്മസേനയും രാവിലെ മുതല്‍ ചെക്ക് പോസ്റ്റ് പരിസരത്ത് നിലയുറപ്പിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ ആക്രമിക്കാന്‍ വരുന്നതായി വാര്‍ത്ത പരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്ന കുമളിയില്‍ അക്രമ വാര്‍ത്ത പരന്നതോടെ നിമിഷനേരം കൊണ്ട് കടകമ്പോളങ്ങള്‍ അടഞ്ഞു. കമ്പത്തുനിന്നും 22 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്താണ് അക്രമികള്‍ കുമളിയിലെത്തിയത്. എത്തിയവരില്‍ സ്ത്രീകളും വൃദ്ധജനങ്ങളുമുണ്ടായിരുന്നു. ഇവരെ കമ്പത്തുവച്ചും ഗൂഡല്ലുരില്‍ വന്നും ജില്ലാ ഭരണകൂടം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്മാറിയില്ല.
മുല്ലപ്പെരിയാര്‍ അതേപടി നിലനിര്‍ത്തണമെന്നും മുല്ലപ്പെരിയാര്‍ തങ്ങളുടേതാണെന്നുമുള്ള മുദ്രാവാക്യം വിളികളുമായി ഉച്ചയ്ക്ക് ഒരു മണിയോടെ അതിര്‍ത്തിയില്‍ നിന്നും നൂറ്റിയമ്പതുമീറ്റര് അപ്പുറത്തു എത്തിയവരെ തമിഴ്നാട് പോലീസ് തടയുകയായിരുന്നു. തമിഴ്നാട് പോലീസിന്റെ വലയം ഭേദിച്ച് ചെക്ക്പോസ്റ്റിലൂടെ കടക്കാന്‍ കഴിയാതെ വന്നപ്പോള്‍ കാടുകളിലൂടെ ഇവര്‍ വിവിധ ഭാഗങ്ങളിലേക്ക് കടന്നതായി സൂചന ലഭിച്ചു. വിവരം കേരള പോലീസിനെ അറിയിച്ചിട്ടും വേണ്ടത്ര പോലീസുകാര്‍ ഇല്ലാത്തതിനാല്‍ ആരെയും അയച്ചില്ല. പോലീസിന്റെ ഭാഗത്തുനിന്നോ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നോ കാര്യമായ നടപടികള്‍ ഉണ്ടാകാതിരുന്നതാണ് റോസാപ്പൂക്കണ്ടം ഭാഗത്ത് അക്രമികള്‍ അഴിഞ്ഞാടാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
പെരിയാര്‍ വൈഗ ഫാര്‍മേഴ്സ് അസോസിയേഷന്, വ്യവസാ വിടുതലൈ മുന്നേറ്റം, വിടുതലൈ ചിരുതൈ, എം.ഡി.എം.കെ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു കേരളത്തിലേക്കുള്ള തമിഴരുടെ മുന്നേറ്റം.
ഇടുക്കി ജില്ലാ കളക്ടര്‍, പോലീസ് സൂപ്രണ്ട് തുടങ്ങി ജില്ലയിലെ മുതിര്‍ന്ന ഭരണാധികാരികള്‍ മുഴുവന്‍ കുമളിയില്‍ ക്യാമ്പ് ചെയ്തിരുന്നു. ഇതിനിടെ അടുത്ത മൂന്ന് ദിവസത്തേക്കു കൂടി കുമളിയില്‍ നിരോധനാജ്ഞ നീട്ടിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇതിനിടെ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സ്ഥിരം സംഘര്‍ഷവേദിയായി മാറിയ കുമളിയില്‍ കേരളാ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ വിവാദമാകുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പരാജയമാണെന്ന് നിരവധി തവണ തെളിയിച്ച ഇടുക്കി എസ്.പി. ജോര്‍ജ്ജ് ജോസഫിനെ എത്രയും പെട്ടെന്ന് തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കെ.പി രഘുനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: