ന്യൂദല്‍ഹി: ശക്തമായ ലോക്പാല്‍ ബില്ല് പാസാക്കിയില്ലെങ്കില്‍ ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് അണ്ണാ ഹസാരെ മുന്നറിയിപ്പ് നല്‍കി.
ജന്തര്‍മന്ദറില്‍ ഒരുദിവസത്തെ നിരാഹാര സമരത്തിനായി ദല്‍ഹിയിലെത്തിയ ഹസാരെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ലോക്പാല്‍ ബില്ലില്‍ മൂന്ന് കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കണമെന്ന് ഹസാരെ ആവശ്യപ്പെട്ടു. ഈ വസ്തുതകള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ലോക്പാല്‍ സ്വതന്ത്ര സ്ഥാപനമാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി കമ്മറ്റി തയ്യാറാക്കിയ ലോക്പാല്‍ ബില്ല് വളരെ ദുര്‍ബലമാണെന്നും അഭിഷേക് സിംഗ്‌വി ഇതിലൂടെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഹസാരെ സംഘാംഗം ശാന്തിഭൂഷണ്‍ അഭിപ്രായപ്പെട്ടു. അന്വേഷണത്തിന് അധികാരമില്ലാത്ത ലോക്പാല്‍ പ്രയോജനരഹിതമാണെന്ന് പ്രശാന്ത്ഭൂഷണ്‍ പറഞ്ഞു. ശക്തമായ ലോക്പാല്‍ ബില്ല് പാസാക്കിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് പ്രക്ഷോഭത്തിനിറങ്ങേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ മൂന്ന് വ്യവസ്ഥകളില്‍ അനുകൂല നിലപാടെടുക്കുമെന്ന് തനിക്ക് എഴുതിത്തന്നിരുന്നതാണെന്നും ഇപ്പോള്‍ ഇത്തരത്തിലൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പാര്‍ലമെന്ററി കമ്മറ്റിയുടെ നിലപാടെന്നും ഹസാരെ കുറ്റപ്പെടുത്തി. താന്‍ ഉയര്‍ത്തിയ വാദമുഖങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരുടെ നന്മയെ കരുതിയാണെന്ന് അദ്ദേഹം തുടര്‍ന്നു. താഴ്‌ന്ന തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ലോക്പാലിന്റെ പരിധിയില്‍ വന്നാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയില്‍ അണ്ണാ ഹസാരെ 27ന് ആരംഭിക്കാനിരിക്കുന്ന ലോക്പാല്‍ സത്യഗ്രഹസമരത്തിന്റെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പോലീസ് കത്ത് നല്‍കി. സമരത്തില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം, പ്രമുഖ വ്യക്തികളുടെ വിവരങ്ങള്‍ എന്നിവയാണ് പോലീസ് ആവശ്യപ്പെട്ടത്. സത്യഗ്രഹ സമരത്തിന് നേരത്തെ രാംലീല മൈതാനി അനുവദിച്ചിരുന്നു. കംല മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറാണ് ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. സമരത്തിന് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയില്‍ ഉള്‍പ്പെടുത്താത്ത വിവരങ്ങള്‍ നല്‍കണമെന്ന് കത്തില്‍ പറഞ്ഞിട്ടുണ്ട്.
ഡിസംബര്‍ 27 മുതല്‍ 2012 ജനുവരി അഞ്ചുവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സത്യഗ്രഹത്തിന്റെ ഓരോ ദിവസത്തെയും പരിപാടികളുടെ വിവരങ്ങളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടികളില്‍ പങ്കെടുക്കുന്ന പ്രമുഖര്‍ ആരൊക്കെ, ഓരോരുത്തരും എത്രസമയം പ്രസംഗിക്കും, വോളന്റിയര്‍മാരുടെ എണ്ണം, വേദിയില്‍ ഇരിക്കുന്നവര്‍ ആരൊക്കെ, രാംലീല മൈതാനിയില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണം, മൈതാനിക്ക് പുറത്ത് എത്തുന്ന വാഹനങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ നല്‍കണമെന്നും കത്തില്‍ പറയുന്നു.
ശക്തമായ ലോക്പാല്‍ ബില്ല് പാസാക്കിയില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഹസാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം സമരത്തിന് അനുമതി തേടി ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ സമീപിച്ചുവെങ്കിലും പത്ത് ദിവസത്തെ അനുമതി മാത്രമാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്. ലോക്പാല്‍ വിഷയത്തില്‍ ഹസാരെ നടത്തുന്ന നാലാമത്തെ സമരമാണ് ഇത്, എന്നാല്‍ രാംലീലയില്‍ ഇത് രണ്ടാമത്തേതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: