പള്ളുരുത്തി: തൊഴിലാളികളെ കിട്ടാത്തതുമൂലം പ്രതിസന്ധിയിലായ വളം നീക്കം ജോലികള്‍ നടത്തുന്നതിനായി യന്ത്രവല്‍കൃത സംവിധാനങ്ങള്‍ നടപ്പാക്കുവാന്‍ നീക്കം. തുറമുഖ ട്രസ്റ്റ് മാനേജ്മെന്റാണ് കാര്യങ്ങള്‍ക്കായി ആലോചനതുടങ്ങിയത്. കഴിഞ്ഞ ദിവസം ട്രേഡ്യൂണിയനുകളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടും വളംനീക്കം പ്രതിസന്ധി നീക്കുവാന്‍ കഴിഞ്ഞില്ല. 32,000 ടണ്‍ വളം ഇപ്പോഴും തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്.
ചുമട്ടുതൊഴിലാളിക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള മറ്റു പൂളുകളില്‍ നിന്നും തൊഴിലാളികളെ നിയോഗിക്കുവാന്‍ തീരുമാനമായെങ്കിലും കഴിഞ്ഞ രണ്ടുദിവസങ്ങളിലും വേണ്ടത്ര തൊഴിലാളികളെ കിട്ടിയില്ലെന്ന് തുറമുഖാധികൃതര്‍ പറയുന്നു.
വളം ചാക്കുകളില്‍ നിറയ്ക്കുന്നതാണ് ദുഷ്ക്കരം. ഈ ജോലികളാണ് യന്ത്രസഹായത്തോടെ ചെയ്യുവാന്‍ ആലോചിക്കുന്നത്. 14ന് പൊട്ടാഷുമായി മറ്റൊരു കപ്പല്‍ കൂടി തുറമുഖത്ത് എത്തും. ഇപ്പോള്‍ കെട്ടിക്കിടക്കുന്ന വളം നീക്കിയില്ലെങ്കില്‍ വളവുമായി വരുന്ന കപ്പലിലെ ചരക്കുകള്‍ ഇറക്കുവാന്‍ സ്ഥലമുണ്ടാവുകയില്ല. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കേണ്ട വളമാണ് ഇവിടെ ഇറക്കിവെച്ചിരിക്കുന്നത്.
കൊച്ചിയില്‍ വളം മാറ്റുന്നതിന് റെയില്വാഗണ് കിട്ടുന്നതിന് കടമ്പകള്‍ ഏറെയാണ്. ഒരേസമയം 40 വാഗണ്‍ അനുവദിക്കാമെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. എന്നാല്‍ 40 വാഗണുകള്‍ നിറയ്ക്കുന്നതിനുള്ള ചരക്ക് കൊച്ചിയില്‍ ഒരു ദിവസം പായ്ക്ക് ചെയ്ത്കിട്ടില്ല. തൊഴിലാളികള്‍ കുറവായതാണ് കാരണം.
ഇരുപത് വാഗണുകള്‍ അനുവദിക്കണമെന്ന ആവശ്യം റെയില്‍വെ നിരസിക്കുകയുമാണ്. പ്രതികൂലസാഹചര്യങ്ങള് മറികടക്കാന്‍ യന്ത്രവല്‍കൃത സംവിധാനം ഒരുക്കണമെന്ന് വിദഗ്ധരും അഭിപ്രായപ്പെട്ടുകഴിഞ്ഞു. യന്ത്രം തല്ക്കാലം വാടകയ്ക്കെടുക്കാനാണ് നീക്കം. സമീപ തുറമുഖങ്ങളില്‍ തിരക്ക് ഏറുന്നതുമൂലമാണ് വളം കൊച്ചിയിലേക്ക് വരുന്നത്. സാഹചര്യം ഗുണകരമായി ഉപയോഗിച്ചില്ലെങ്കില്‍ വളം നീക്കലും കൊച്ചിതുറമുഖത്തിന് തിരിച്ചടിയായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: