കൊച്ചി: നഗരത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ സഞ്ചരിക്കുന്ന ഇരു ചക്രവാഹന യാത്രികര്‍ ജാഗ്രതൈ. ഇനി നിങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കണമെങ്കില്‍ ഹെല്‍മറ്റ് ധരിക്കുന്നത് നിര്‍ബന്ധമാകുന്നു. റോഡപകടങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ വരുത്തുന്ന അപകടങ്ങള്‍ കാരണമാണ് റോഡ് സുരക്ഷാ കമ്മിറ്റി ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. അതിന്റെ ആദ്യപടി എന്ന നിലയില്‍ പെട്രോള്‍ പമ്പ് ഉടമസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. പമ്പുകളില്‍ പോലീസിന്റെ പ്രത്യേക സംഘങ്ങള്‍ നിരീക്ഷിക്കും.
കൊച്ചിയിലെ മുഴുവന്‍ സിഗ്നലുകളുടേയും നവീകരണത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കി സര്‍ക്കാരിലേക്ക് അയക്കും. അനുമതി ലഭിച്ചാല്‍ മൂന്ന് മാസത്തിനകം പദ്ധതി പൂര്‍ത്തീകരിച്ച് സിഗ്നലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിയുമെന്ന് കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. സിഗ്നലുകളുടെ പ്രവര്‍ത്തനം എന്തെങ്കിലും കാരണം കൊണ്ട് നിലച്ചാല്‍ 24 മണിക്കൂറിനകം പ്രവര്‍ത്തന ക്ഷമമാക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. നഗരത്തിലെ അനധികൃത ഓട്ടോസ്റ്റാന്റുകളും പാര്‍ക്കിംഗ് സ്ഥലങ്ങളുടേയും പരിശോധനക്ക് പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാനും ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ എ.സി.പിമാര്‍, ആര്.ടിഒ, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ അടങ്ങിയ സംയുക്ത കമ്മിറ്റിയെയാണ് ഇതിനായി നിയോഗിക്കുക.
നഗരത്തിലെ പ്രധാന റോഡുകളില്‍ ട്രാഫിക്ക് സര്‍വ്വയലന്‍സ് ക്യാമറ സ്ഥാപിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്.അജിത് കുമാര്‍ പറഞ്ഞു. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവരുടെ എണ്ണത്തില്‍ വര്ദ്ധനയുണ്ടാവുന്നുണ്ട്. ട്രാഫിക് നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം മുതല്‍ കാക്കനാട് വരെ വരുന്ന ഭാഗങ്ങളിലെ റോഡിന്റെ ഇരു വശങ്ങളിലുമുള്ള പാര്‍ക്കിംഗ് നിരോധിക്കും. പ്രധാനപ്പെട്ട എല്ലാ ജംഗ്ഷനുകളിലും പ്രത്യേക പരിശോധന നടത്തി ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നടപ്പാത കൈയേറുന്നവര്‍ക്കെതിരെ ശക്തമായി നടപട സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. അവരെ അവിടുന്ന് ഒഴിപ്പിക്കുന്നതിനുള്ള ചെലവ് ഉള്‍പെടെയുള്ളവ റവന്യു റിക്കവറിയായി ഈടാക്കും. നഗര റോഡുകളിലും പ്രധാന റോഡുകളിലും സൈഡ് മാര്‍ക്കിംഗും സീബ്രാ ക്രോസിംഗും വരയ്ക്കുന്ന പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാത്ത് വകുപ്പിന് നിര്‍ദേശം നല്കി. റോഡ് അടയാളങ്ങള്‍ വ്യക്തമാക്കി നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കാനും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി 15 ദിവസത്തിനകം മാര്‍ക്കിംഗ് പ്രവര്‍ത്തി തുടങ്ങും. നഗരത്തിലും പ്രധാന റോഡികളിലുമുള്ള പാര്‍ക്കിംഗ് നിരോധിത മേഖലകള്‍ ഒരാഴ്ചയ്ക്കകം നിജപ്പെടുത്തി നല്‍കും. നോ-പാര്‍ക്കിംഗ് ബോര്‍ഡില്ലാത്ത എല്ലാ സ്ഥലങ്ങളും നിരോധിത മേഖലയാണ്. ഇങ്ങനെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
റോഡുകളുടെ ഇരു ഭാഗങ്ങളിലും മധ്യ ഭാഗത്തും സ്ഥാപിച്ചിരിക്കുന്ന അനധികൃത പരസ്യ ബോര്‍ഡുകള്‍ ഒരാഴ്ചക്കുള്ളില്‍ നീക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഇവ പോലീസ് നിരീക്ഷിച്ചു വരുന്നുണ്ട്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അനുമതിയുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കണമെന്ന് കോര്പ്പറേഷന് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും യോഗം തീരുമാനിച്ചു.
കളക്ടറുടെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്.ടി.ഒ ടി.ജെ.തോമസ്, എ.സി.പിമാര്‍. മറ്റു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: