തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാതെ വഷളാക്കി കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. പ്രശ്നം പരിഹരിക്കാതെ ഇരുപക്ഷങ്ങളും ജനങ്ങളെ കയ്യൊഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ചു വരുത്തി ചര്‍ച്ച ചെയ്യാന്‍ ബിജെപി ദേശീയ നേതൃത്വം പ്രധാനമന്ത്രിയോട് ശക്തമായ ഭാഷയില്‍ ആവശ്യപ്പെടും. എന്നാല്‍ പ്രധാനമന്ത്രി ഇപ്പോള്‍ സെയിലന്റ് മോഡിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുല്ലപ്പെരിയാറില്‍ ജല നിരപ്പ് 120 അടിയാക്കുക, പുതിയ ഡാം പണിയുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റുപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായ അഡ്വക്കേറ്റ് ജനറല്‍ ഉന്നയിച്ച വാദം സുപ്രീംകോടതിയില്‍ കേരളത്തിനു തന്നെ തിരിച്ചടിയാകും. കേരളത്തിലെ ജനങ്ങളുടെയും രാഷ്ട്രീയകക്ഷികളുടെയും സര്‍ക്കാരിന്റെയും നിലപാടിന് എതിരെ നിലകൊണ്ട എ ജിയെ സര്‍ക്കാര്‍ തന്നെ സംരക്ഷിക്കുകയാണ്. ക്യബിനറ്റിന്റെ തലേന്നു വരെ എ ജിയെ മാറ്റണമെന്നു പറഞ്ഞ മന്ത്രിമാര്‍ ഇപ്പോള്‍ നിശ്ശബ്ദരാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ ഒറ്റക്കെട്ടായല്ല മുല്ലപ്പെരിയാര്‍ വിഷയം കൈകാര്യം ചെയ്യുന്നതെന്ന് ഇതു വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ തള്ളിക്കളയുന്ന മന്ത്രിമാരാണുള്ളത്. മന്ത്രിമാരെ നിലയ്ക്കു നിര്‍ത്താന്‍ ധൈര്യമില്ലാത്ത അവര്‍ക്കെതിരെ ചെറു വിരലനക്കാന്‍ കഴിയാത്ത ആളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭരിക്കാന്‍ തിരഞ്ഞെടുത്തവര്‍ തന്നെ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ചപ്പാത്തിലും ഇടുക്കിയിലും ഉപവസിക്കുന്ന മന്ത്രിമാര്‍ സത്യത്തില്‍ ദല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലാണ് സമരം ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തമിഴ്നാട്ടിലെ മലയാളികള്‍ക്കു നേരെ ആക്രമണമുണ്ടായതിന് കാരണം കേരളത്തിലെ ചില മന്ത്രിമാരുടെ പ്രകോപനപരമായ പ്രസംഗമാണ്. കേരളത്തിലെ പ്രതിപക്ഷമാകട്ടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിര്‍ജീവമാണ്. പ്രധാന പ്രതിപക്ഷ കക്ഷിയായ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കിലും. എ കെ ജി സെന്റര്‍ അടുത്ത മൂന്നു കൊല്ലം ആരുടെ കയ്യിലിരിക്കണമെന്ന തര്‍ക്കത്തിലാണ് സിപിഎം നേതാക്കള്‍. അങ്ങനെയുള്ള പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെ തന്നിഷ്ടപ്രകാരം ഭരിക്കാന്‍ അഴിച്ചു വിട്ടിരിക്കുകയാണ്. ഈ ഭരണപക്ഷത്തെ നിലയ്ക്കു നിര്‍ത്താന്‍ പ്രതിപക്ഷത്തിനു കഴിയുന്നില്ല. ജനങ്ങളെ കയ്യൊഴിഞ്ഞ് മുപ്പത്തിയഞ്ചു ലക്ഷം ജീവനുകള്‍ പന്താടി ഇരുപക്ഷവും അപഹാസ്യ നാടകങ്ങള്‍ കളിക്കുകയാണ്. ബിജെപിക്ക് കേരളത്തില്‍ നിന്നും എംപിമാരില്ലെങ്കിലും വിഷയം ദേശീയ നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്. എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ട് ഇരു മുഖ്യമന്ത്രിമാരെയും വിളിച്ചു വരുത്തി ചര്‍ച്ച ചെയ്യാന്‍ ബിജെപി സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 8ന് ആരംഭിച്ച ഉപരോധം ഉച്ചയ്ക്ക് 12 മണിയോടെ അവസാനിച്ചു.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്, കെ.പി.ശ്രീശന്, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.രാധാമണി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വെങ്ങാനൂര്‍ സതീശ്, അഡ്വ.എസ്.സുരേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് എന്നിവര്‍ പങ്കെടുത്തു. ചെമ്പഴന്തി ഉദയന്‍, ഇലകമണ്‍ സതീശന്, എ.അപ്പു, അതിയന്നൂര്‍ ശ്രീകുമാര്‍, പ്രീത ശ്രീകുമാര്‍, രാധമ്മ ശശിധരന്, മുക്കംപാലമൂട് ബിജു, മഞ്ചവിളാകം കാര്ത്തികേയന്, പി.ജി.ശിവശങ്കരന് നായര്‍, ചിത്രാലയം രാധാകൃഷ്ണന്, ഡോ.പി.പി.വാവ, മലയിന്‍കീഴ് രാധാകൃഷ്ണന്, കാരേറ്റ് ശിവപ്രസാദ്, ശ്രീജേഷ്, കല്ലയം വിജയകുമാര്‍, ബിജു ബി.നായര്‍, ശിവജിപുരം ഭുവനേന്ദ്രന്, ബാലമുരളി, എം.ആര്.ചന്ദ്രന്, പത്മകുമാര്‍, അജയന്, ബിപിന്‍, കോവിലകം മണികണ്ഠന്, പാങ്ങപ്പാറ രാജീവ് എന്നിവരും കൗണ്‍സിലര്‍മാരായ എം.ആര്.ഗോപന്, പി.അശോക് കുമാര്‍, രാജേന്ദ്രന്, എം.ആര്.രാജീവ്, മോഹനന് നായര്‍, സിമി ജ്യോതിഷ്, പിരപ്പന്‍കോട് ഗീത നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: