ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിനായി വിളിച്ച ചര്‍ച്ചയില്‍ നിന്നും പിന്മാറരുതെന്ന് തമിഴ്നാടിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ചര്‍ച്ചയ്ക്ക് എത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അടിയന്തരമായ ഒരു സാഹചര്യം ഇപ്പോഴുണ്ട്. രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. അതിനാല്‍ പ്രശ്നം പരിഹരിക്കാന്‍ തമിഴ്നാട് എത്രയും വേഗം ചര്‍ച്ചയ്ക്ക് വരണം. സുപ്രീംകോടതിയില്‍ കേസ് നിലവിലുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തില്‍ പറയുന്നു.
ഈ മാസം 16ന് സെക്രട്ടറിതല ചര്‍ച്ച നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നത്. കേരളം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട് ചര്‍ച്ചയ്ക്ക് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് കേന്ദ്രത്തിന് നല്‍കുകയായിരുന്നു. സുപ്രീംകോടതി ഉത്തരവ് വരുന്നതുവരെ കാത്തിരിക്കണമെന്നാണ് തമിഴ്നാടിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: