ഇസ്ലാമാബാദ്: പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കു പക്ഷാഘാതം. മസ്തിഷ്ക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഹൃദയാഘാതത്തെ തുടര്‍ന്നു ദുബായില്‍ ചികിത്സയില്‍ കഴിയുകയാണു സര്‍ദാരി.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ മുഖം കോടിപ്പോയതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ‘ദി ന്യൂസ് ഡെയ്ലി’ റിപ്പോര്‍ട്ട് ചെയ്തു. ആന്തരിക രക്തസ്രാവം ഉണ്ടായെങ്കിലും സര്‍ദാരിയുടെ ജീവന് അപകടത്തിലല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖം നേരെയാക്കുന്നതിന് സര്‍ദാരിക്ക് സ്പീച്ച് തെറാപ്പി വേണ്ടി വരുമെന്നും ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകുമെന്നും പത്രം പറയുന്നു.
ചൊവ്വാഴ്ച സര്‍ദാരിക്ക് ചെറിയ ഹൃദയാഘാതം ഉണ്ടായെന്നും ദുബായില്‍ താമസിക്കുന്ന മക്കളുടെ താല്പര്യപ്രകാരം വിദഗ്ദ്ധ പരിശോധനയ്ക്കായി പോയെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം. സര്‍ദാരി അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: