ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി ആവശ്യപ്പെട്ടു. സര്‍വകക്ഷി യോഗം വിളിക്കുന്നത് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് ഒറ്റക്കെട്ടാണെന്ന സന്ദേശം കേരളത്തിന് നല്കാന് ഉതകുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.എം.കെ ഉന്നതാധികാര യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കരുണാനിധി. മുലപ്പെരിയാര്‍ പ്രശ്തനത്തില് തമിഴ്നാട് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഇതുവരെ സ്വീകരിച്ചിരിക്കുന്ന നടപടികളില്‍ കരുണാനിധി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജയലളിത ഇതുവരെ ഈ പ്രശ്നത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നിരാശാജനകമാണ്.
മുല്ലപ്പെരിയാര്‍ പുതിയ ഡാം പണിയുന്നതിനായി പ്രമേയം പാസാക്കുന്നതിന് കേരളം പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിരുന്നെങ്കിലും അത്തരമൊരു സമ്മേളനത്തിന്റെ ആവശ്യം തമിഴ്നാട്ടില്‍ വേണ്ടെന്ന് ജയലളിത പറഞ്ഞിരുന്നു. മുല്ലപ്പെരിയാര്‍ ഡാം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 12ന് ഉപവാസ സമരവും മനുഷ്യച്ചങ്ങലയും സംഘടിപ്പിക്കുമെന്നും കരുണാനിധി വ്യക്തമാക്കി. മധുര, തേനി, ശിവഗംഗ, രാമനാഥപുരം, ഡിണ്ടിഗല്‍ എന്നിവിടങ്ങളിലാകും മനുഷ്യച്ചങ്ങല തീര്‍ക്കുക.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയാക്കണമെന്ന ആവശ്യത്തോടും കരുണാനിധി വിയോജിച്ചു. സുപ്രീംകോടതി വിധിപ്രകാരം ജലനിരപ്പ് 142 അടിയാക്കണമെന്നാണ് തനിക്ക് ആവശ്യപ്പെടാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: