ബംഗളൂരു: ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ആറ് ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരില്‍ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടന പരമ്പരയുമായി ബന്ധമുള്ള രണ്ടുപേരെ വിട്ടുകിട്ടുന്നതിനായി ബാംഗ്ലൂര്‍ പോലീസ് ദല്‍ഹി മജിസ്ട്രേട്ട് കോടതിയെ സമീപിക്കും.
മുഹമ്മദ് സിദ്ദിഖ്, ഫയൂര് അഹമ്മദ് ജമാലി എന്നിവരെ വിട്ടുകിട്ടണമെന്നാണ് ബാംഗ്ലൂര്‍ പോലീസിന്റെ ആവശ്യം. ഇതിനായി ദല്‍ഹി കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സ്ഫോടനസ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തുന്നതിനായാണ് പ്രതികളെ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുന്നത്. ദല്‍ഹി പോലീസിന്റെ പിടിയിലായ ബീഹാര്‍ സ്വദേശികളായ മുഹമ്മദ് സിദ്ദിഖ്, അഹമ്മദ് ജമാലി എന്നിവര്‍ തുംകൂറില്‍ വാടകവീട്ടില്‍ ഒരുമാസം താമസിച്ചാണ് സ്ഫോടനം ആസൂത്രണം ചെയ്തത്.
ഇവിടെ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്നു. ബാംഗ്ലൂര്‍ സ്ഫോടന പരമ്പരയുമായി ബന്ധമുള്ളതായി പിടിയിലായവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കര്‍ണാടക സ്വദേശികളായ രണ്ടു പേര് ചേര്‍ന്നാണ് സ്ഫോടനത്തിന്റെ തലേദിവസം ആറിടങ്ങളിലായി ബോംബ് വെച്ചത്. വിദേശത്ത് ഒളിവില്‍ കഴിയുന്ന ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാവ് റിയാസ് ഭക്ടല്‍ തുംകൂറിലെ വാടകവീട്ടില്‍ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുംകൂറിലെ പോളി ടെക്നിക്കില്‍ വിദ്യാര്‍ത്ഥിയെന്ന നിലയിലാണ് വീട് വാടകയ്ക്ക് എടുത്തത്. മറ്റൊരു ബന്ധുവായ ഇഖ്ബാല്‍ ഭട്കലും കൂടെയുണ്ടായിരുന്നു.
കള്ളപ്പേരിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ആറ് പേരെ ദൗത്യത്തിനായി തെരഞ്ഞെടുത്തു. ടൈമര്‍ ബോംബുകളാണ് വെച്ചത്. നിര്‍മ്മാണത്തിലെ സാങ്കേതികപ്പിഴവ് കാരണമാണ് വന്‍ദുരന്തം ഒഴിവായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഷ്കര്‍ ഇ തൊയ്ബയാണ് സ്ഫോടനം നടത്തുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കിയത്.
അതിനിടെ സ്ഫോടനത്തില്‍ പങ്കുള്ള ഫറൂഖ് എന്ന ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനെ ദല്‍ഹി പോലീസ് ബീഹാറില്‍ വെച്ച് അറസ്റ്റ് ചെയ്തു. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. ബാംഗ്ലൂര്‍ സ്ഫോടന പരമ്പരയ്ക്ക് ഇന്ത്യന്‍ മുജാഹിദീന്‍ ചുമതല ഏല്‍പ്പിച്ച നാല് പേരില്‍ ഒരാളാണ് ബീഹാറില്‍ പിടിയിലായ ഫറൂഖ് എന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: