കേരള സര്‍ക്കാരിന്റെ മദ്യനയം കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ എതിര്‍ക്കപ്പെട്ടതാണ്. ടൂറിസം വികസിക്കാനെന്ന വ്യാജേന ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കും എന്ന് എക്സൈസ് മന്ത്രി കെ. ബാബു നടത്തിയ പ്രഖ്യാപനം ത്രീസ്റ്റാര്‍ പദവി ലഭിക്കാന്‍ ഉടമകള്‍ കോഴകൊടുക്കുന്നതിന് വേണ്ടി നടത്തിയ നെട്ടോട്ടത്തില്‍ കലാശിച്ചത് വിമര്‍ശനവിധേയമായിരുന്നു. യുഡിഎഫ് തെരഞ്ഞെടുപ്പ് പത്രികയില്‍ത്തന്നെ ഇടതുസര്‍ക്കാരിന്റെ മദ്യനയം തിരുത്തുമെന്നും ബാര്‍ ഔട്ട്ലെറ്റുകള് സ്ഥാപിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നും മറ്റും പ്രഖ്യാപിച്ചിരുന്നു. കേരളം മദ്യപരുടെ നാടായി മാറി കുട്ടികള്‍ പോലും മദ്യോപയോഗം 10 വയസ് മുതല്‍ തുടങ്ങിയതും മറ്റും പലരെയും മദ്യവിപത്തിനെതിരെ രംഗത്തുവരാന്‍ പ്രേരിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് സര്‍ക്കാരിന്റ മദ്യനയത്തെ നിശിതമായി വിമര്‍ശിച്ചു. ഘടകകക്ഷിയായ മുസ്ലീംലീഗും മദ്യവില്‍പ്പന കുറക്കാന്‍ നടപടി വേണം എന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ മദ്യം വാങ്ങുന്നതിനുള്ള പ്രായം പതിനെട്ടില്‍നിന്നും ഇരുപത് ആക്കിയതൊഴിച്ചാല്‍ മറ്റൊരു പരിഷ്കാരത്തിനും അതിവേഗം ബഹുദൂരം സഞ്ചരിച്ച സര്‍ക്കാര്‍ തയ്യാറായില്ല.
ഈ അനങ്ങാപ്പാറ നയം പിറവത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അത് പിറവത്ത് പ്രതിഫലിക്കുമെന്നുമുള്ള തിരിച്ചറിവിലാണ് ഇപ്പോള്‍ യുഡിഎഫ് തിരുത്താന്‍ തയ്യാറായത്. ബാര്‍ സമയം ഒമ്പത് മുതല്‍ ഒമ്പത് വരെ എന്നും പുതിയ ഔട്ട്ലെറ്റുകള് നല്‍കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നുമുള്ള പ്രഖ്യാപനത്തിന് പുറമെ ഇപ്പോള്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് പുതിയതായി ബാര്‍ ലൈസന്‍സ് കൊടുക്കേണ്ടതില്ല എന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ബിവറേജസ് കോര്‍പ്പറേഷന്റെ വിറ്റുവരവാണ് കേരള ഖജനാവിലേക്കുള്ള മുഖ്യവരുമാനം എന്നിരിക്കെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇടതു-വലത് സര്‍ക്കാരുകള്‍ സ്വീകരിച്ചുവരുന്നത്. അമിത മദ്യോപയോഗം കേരള ജനതയെയും സംസ്കാരത്തെയും കുടുംബബന്ധങ്ങളെയും നശിപ്പിക്കുന്നതിനാലാണ് ക്രിസ്തീയസഭകള്‍ മദ്യപ്രോത്സാഹനത്തിനെതിരെ രംഗത്തുവന്നത്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന പേടിയാണ്, അല്ലാതെ ജനക്ഷേമമല്ല നയം തിരുത്താന്‍ യുഡിഎഫ് സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: