ബാങ്കോക്ക്: തായ് രാജാവിന്റെ നിരോധിക്കപ്പെട്ട ജീവചരിത്രം വെബ് സൈറ്റില്‍ നല്‍കിയതിന് ഒരമേരിക്കന്‍ പൗരന് രണ്ടുവര്‍ഷം ജയില്‍ ശിക്ഷ. തായ്ലന്റില് ജനിച്ച അമേരിക്കന്‍ പൗരന് ജോഗോര് ഡനാണ് ഭൂമിബോള്‍ അതുല്‍ യാദജ് രാജാവിന്റെ ജീവചരിത്രം സൈറ്റില്‍ നല്‍കിയതിന് ശിക്ഷിക്കപ്പെട്ടത്.
അഞ്ചുവര്‍ഷംവരെ ശിക്ഷവിധിക്കാമായിരുന്നെങ്കിലും ഗോര്‍ഡന്‍ കുറ്റം സമ്മതിച്ചതിനാല്‍ അത് രണ്ടര വര്‍ഷമാക്കി കുറക്കുകയായിരുന്നു. ശിക്ഷ വളരെ കൂടുതലായെന്നും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരായാണ് ഈ ശിക്ഷ നല്‍കിയതെന്നും തായ്ലന്റിലെ അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍ അഭിപ്രായപ്പെട്ടു. തായ് രാജവംശത്തെ ബഹുമാനിക്കുന്നതോടൊപ്പം തങ്ങള്‍ മനുഷ്യാവകാശമായി ലോകമെങ്ങും അംഗീകരിക്കപ്പെട്ട അഭിപ്രായ സ്വാതന്ത്ര്യത്തിനും വില കല്‍പ്പിക്കുന്നതായി കോണ്‍സല്‍ കൂട്ടിച്ചേര്‍ത്തു. രാജനിന്ദാ നിയമം രാജാവിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലുപരി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് പൊതുപ്രവര്ത്തകന് അഭിപ്രായപ്പെട്ടു.
പോള്‍ ഹാന്‍ഡ്ലി എഴുതിയ രാജാവ് ഒരിക്കലും ചിരിക്കുന്നില്ല എന്ന ജീവചരിത്ര ഭാഗങ്ങളാണ് 55 കാരനായ ഗോര്‍ഡന്‍ പരിഭാഷപ്പെടുത്തി സൈറ്റില്‍ നല്‍കിയത് ചികിത്സാര്‍ത്ഥം മെയ് മാസത്തില്‍ തായ്ലന്റിലെത്തിയ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യം ഇയാള്‍ കുറ്റം സമ്മതിക്കാത്തതിനെത്തുടര്‍ന്ന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. കുറ്റപത്രം നല്കിയ ഉടനെ താന്‍ തായ്ലന്റുകാരനല്ല ഇവിടെ ജനിച്ചുവെന്നു മാത്രമേയുള്ളൂവെന്നും താന്‍ അമേരിക്കന്‍ പൗരനാണെന്നും തനിക്ക് അമേരിക്കന്‍ പാസ്പോര്‍ട്ടുണ്ടെന്നും തായ്ലന്റിലെപ്പോലെ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാത്ത നിയമങ്ങളല്ല അമേരിക്കയിലേതെന്നും ഇയാള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാതെ തന്റെ കക്ഷി രാജാവിന്റെ ദയക്കായി യാചിക്കുകയാണെന്ന് ഗോര്‍ഡന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. രാജാവിനെതിരെ കുറ്റം ചെയ്യുന്ന വിദേശികളെ സാധാരണ മാപ്പു നല്കി നാടുകടത്തുകയാണ് പതിവ്. ഇത്തരം രാജാവിനെ പരിഹസിക്കുന്ന രേഖകള്‍ ഭരണകൂടം അസ്ഥിരമായതോടെ കൂടിക്കൊണ്ടിരിക്കുകയാണ്. തായ് രാജ്ഞിയെ അപകീര്‍ത്തിപ്പെടുത്തുന്ന നാല് ഇ മെയില്‍ സന്ദേശങ്ങളയച്ചതിന് കഴിഞ്ഞമാസം ഒരു 61 കാരനെ ജയിലിലടച്ചിരുന്നു. തനിക്ക് ഇ മെയില്‍ അയക്കാനറിയില്ലെന്ന് അയാള്‍ വെളിപ്പെടുത്തുകയും ഇതിനെതിരെ പല സംഘടനകളും രംഗത്തെത്തുകയും ചെയ്തു. 84 കാരനായ രാജാവ് ഭൂമിബോല്‍ അതുല്‍ യാദജ് ഒരു അര്‍ധ ദൈവമാണെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: