കൊച്ചി: സംസ്ഥാനത്ത് അനുബന്ധ വാതക അടിസ്ഥാന സൗകര്യ വികസനത്തിന് കേരള സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് (കെഎസ്ഐഡിസി) നോയിഡയിലെ ഗെയില്‍ ഗ്യാസ് ലിമിറ്റഡുമായി സംയുക്ത സംരംഭം രൂപീകരിച്ചു. ഗ്യാസ് ലിമിറ്റഡ് (കെജിജിഎല്) എന്നാണ് പുതിയ കമ്പനിയുടെ പേര്. കമ്പനിയുടെ ആദ്യത്തെ ബോര്‍ഡ് മീറ്റിംഗ് കൊച്ചിയില്‍ ചേര്‍ന്നു. സംസ്ഥാന വ്യവസായ സെക്രട്ടറിയും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറുമായ അല്‍കേഷ് ശര്‍മ്മ ഗെയില്‍ ഗ്യാസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ജെ. വാസന്, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടറായ ടി.പി. തോമസ്കുട്ടി,ഗെയിലിന്റെ നിര്‍മാണ വിഭാഗം ജനറല്‍ മാനേജര്‍ എ.കെ.സിംഗ് എന്നിവരാണ് കമ്പനി ഡയറക്ടര്‍മാര്‍. ഗെയിലിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ രാജേഷ് വേദവ്യാസ് അടക്കം ഗെയിലിലെയും കെഎസ്ഐഡിസിയിലെയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
സംയുക്ത സംരംഭത്തിനായി തയ്യാറാക്കിയ ബിസിനസ് പ്ലാന്‍ കമ്പനിയുടെ ബോര്‍ഡംഗങ്ങള്‍ അംഗീകരിച്ചു. നഗരവാതക വിതരണ പദ്ധതിയുടെ ഉന്നമനം, പ്രകൃതിവാതകത്തിന്റെ വലിയതും മൊത്തത്തിലുള്ള ഉപഭോക്താക്കള്‍ക്ക് കണക്റ്റിവിറ്റി നല്‍കാനുള്ള സ്പെര്ലൈന് സ്ഥാപിക്കല്‍, കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കല്‍, ബോട്ട് സര്‍വീസുകള്‍ക്കായി സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കല്‍, വാതകാനുബന്ധ ഉപകരണങ്ങളുടെ വിതരണം, വാതകാധിഷ്ഠിതമായ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ ബിസിനസ് പ്ലാനുകളില്‍ ഉള്‍പ്പെടുന്നു. അങ്കമാലിയില്‍ കമ്പനി ഗ്യാസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും. ഈ പദ്ധതിക്ക് കെഎസ്ഐഡിസി സ്ഥലം നല്‍കും. പ്രകൃതിവാതക രംഗത്തെ ടെക്നീഷ്യന്മാര്ക്കും മറ്റും ഹ്രസ്വകാല കോഴ്സുകള്‍ നല്കുന്ന സ്ഥാപനമായിരിക്കും ഇത്. സ്റ്റീല്‍ നിര്‍മാണങ്ങളുടെ അസോസിയേഷനുകളുമായി സഹകരിച്ച് പാലക്കാട്ടെ സ്റ്റീല്‍ ക്ലസ്റ്ററിന് വേണ്ടി വാതകം അടിസ്ഥാനമാക്കിയ പവര്‍പ്ലാന്റും സ്ഥാപിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ട്.
കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കുവേണ്ടി കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ് സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ കൊച്ചിയിലാണ് സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇവിടെനിന്നും പ്രകൃതിവാതകം ലഭ്യമാകും. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്താനും ഫ്ലീറ്റ് ഒാപ്പറേഷന് പരിസ്ഥിതിസൗഹാര്ദ്ദപരമാക്കാനും സിഎന്‍ജിയിലേക്കുള്ള മാറ്റത്തിലൂടെ സാധ്യമാകും. കെഎസ്ആര്‍ടിസിക്ക് 6000 ബസ്സുകളാണുള്ളത്. ഇവ സിഎന്ജിസി ഉപയോഗിക്കുന്ന ബസ്സുകളാക്കി മാറ്റാന്‍ കോര്പ്പറേഷന് പദ്ധതി തയ്യാറാക്കും. നിര്‍ദ്ദിഷ്ട പദ്ധതിക്കുള്ള സ്ഥലം കെഎസ്ആര്‍ടിസി നല്‍കും. ഇവിടെ കെജിജിഎല് സിഎന്‍ജി ഡിസ്പെന്‍സറുകളും കംപ്രസറുകളും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കും.
സാധ്യതാപഠന റിപ്പോര്‍ട്ടനുസരിച്ച് 2000 കോടിയാണ് പദ്ധതിച്ചെലവ്. സംയുക്ത സംരംഭത്തില്‍ ഗെയില്‍ ഗ്യാസ് ലിമിറ്റഡിന് 26 ശതമാനം ഇക്വിറ്റിയും കെഎസ്ഐഡിസിക്ക് 24 ശതമാനം ഇക്വിറ്റിയുമാണ് ഉണ്ടാകുക. അവശേഷിക്കുന്ന ഓഹരികള്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും പിന്നീട് നല്‍കും. തുടക്കത്തില്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസായി കൊച്ചിയിലെ ഗെയില്‍ ഓഫീസായിരിക്കും പ്രവര്‍ത്തിക്കുക. മീറ്റിംഗില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: