തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ എജി നല്കിയ വിശദീകരണത്തെക്കുറിച്ചുയര്ന്ന വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി ഇന്നലെ മന്ത്രിസഭായോഗത്തിലെത്തി വിശദീകരണം നല്‍കിയതോടെ അത് അടഞ്ഞ അധ്യായമായിക്കാണാനാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഹൈക്കോടതിയില്‍ എജി കേരളത്തിന്റെ താല്പര്യത്തിനു വിരുദ്ധമായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് അദ്ദേഹത്തെ മാറ്റണമെന്ന് പ്രതിപക്ഷം ഒന്നടങ്കവും ചില മന്ത്രിമാരും ആവശ്യമുന്നയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനും എ.ജിക്കെതിരെ രംഗത്തു വന്നിരുന്നു. ഇന്നലെ മന്ത്രിസഭായോഗത്തിലെത്തി എ.ജി നല്കിയ വിശദീകരണത്തില്‍ എല്ലാവരും തൃപ്തരാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ എ.ജിക്കെതിരെ നടപടിയുമുണ്ടാകില്ല.
ചില മന്ത്രിമാര്‍ എ.ജിക്കെതിരെ രംഗത്തു വന്നത് അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കുന്നതിനു മുമ്പായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ താല്പര്യത്തിനു വിരുദ്ധമായി ഒന്നും എജി കോടതിയില്‍ പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തു നിന്നുള്‍പ്പെടെ എജിയുടെ പരാമര്‍ശത്തോട് പ്രതിഷേധമുയര്‍ത്തിയവരോട് അതു സംബന്ധിച്ച് വിശദീകരിക്കും. എജിക്കു തെറ്റു പറ്റിയിട്ടില്ല; വിവരങ്ങള്‍ നല്കിയ ഉദ്യോഗസ്ഥര്‍ക്കും തെറ്റു പറ്റിയിട്ടില്ല, ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനെപ്പോലുള്ളവര്ക്ക് ഇതൊന്നും മനസ്സിലാകാത്തത് എന്താണെന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ചോദ്യം കേള്‍ക്കാത്ത മട്ടില്‍ അദ്ദേഹം പത്രസമ്മേളന വേദിയില്‍ നിന്നിറങ്ങിപ്പോകുകയും ചെയ്തു.
കേരളം വലിയ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള ശ്രമത്തിലൂടെ മുന്നോട്ടു പോകുകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ ഡാംവേണം, ജലനിരപ്പ് കുറയ്ക്കണം. ഇതാണ് ആവശ്യം. അതു നേടിയെടുക്കാനുള്ള സമരങ്ങളാണിപ്പോള്‍ നടക്കുന്നത്. സമരത്തിന് ആരുടെയും പ്രേരണകളില്ല. എന്നാല്‍ തികഞ്ഞ ആത്മസംയമനം പാലിക്കേണ്ടതുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നം കേരളവും തമിഴ്നാടും തമ്മിലുള്ള പ്രശ്നമാക്കാന്‍ ആഗ്രഹിക്കുന്നില്ല. തമിഴ്നാടിന് വെള്ളം, കേരളത്തിനു സുരക്ഷ എന്നതാണ് മുദ്രാവാക്യം. തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി പ്രശ്നപരിഹാരം ഉണ്ടാക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ നടന്നു. അതിന്റെ പ്രതിഫലനമായി തമിഴ്നാട്ടില്‍ ഇപ്പോള്‍ ചില പ്രശ്നങ്ങള്‍ നടക്കുന്നു. തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ നമ്മളോട് സഹകരിക്കുന്നുണ്ട്. നമ്മുടെ ആവശ്യം നേടിയെടുക്കുന്നതിന് ഒറ്റക്കെട്ടായി നില്‍ക്കണം.
തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്താണ് ഇപ്പോള്‍ കേരളത്തിന് തുണയായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ പൊട്ടിയാലും ഇടുക്കി അണക്കെട്ട് അതു താങ്ങുമെന്നാണ് അവരുടെ വാദം. എന്നാല്‍ മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിലുണ്ടാകുന്ന ഭീകരമായ ദുരന്തത്തെക്കുറിച്ച് അവര്‍ പറയുന്നില്ല. തമിഴ്നാടിന് വെള്ളം കൊടുക്കുമെന്ന് ഏതു തരത്തിലുള്ള ഉറപ്പും കൊടുക്കാന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: