കൊച്ചി: ഏഷ്യന്‍ വസന്തത്തിന്റെ പൊന്തിളക്കത്തിനായി കൗമാരകേരളം ഇന്ന് ട്രാക്കിലിറങ്ങും. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും മലയാളി താരങ്ങള്‍ക്ക് പൊന്‍തിളക്കമേകിയ മുന്നേറ്റത്തിന്റെ അടിത്തറയായത് സ്കൂള്‍ കായികമേളയാണ്. 55-ാമത് സ്കൂള്‍ കായിക മേളക്ക് മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കില്‍ ഇന്ന് തുടക്കമാകുമ്പോള്‍ കായിക കേരളം ഒുരപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് നെഞ്ചിലേറ്റുന്നത്.
കോതമംഗലത്തിന്റെ ചിറകിലേറി എറണാകുളം ഇത്തവണയും കിരീടം നേടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാലക്കാടന്‍ കാറ്റിന് എറണാകുളത്തിന്റെ മുന്നേറ്റത്തെ തടയുവാനാകുമോ. ഇനിയുള്ള നാല് ദിനങ്ങള്‍ ഇവയ്ക്ക് മറുപടി നല്‍കും. അഞ്ച്വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എറണാകുളത്ത് ട്രാക്ക് ഉണരുന്നത്. അതുകൊണ്ടുതന്നെ കിരീടം നിലനിര്‍ത്തുക എറണാകുളത്തിന്റെ അഭിമാന പ്രശ്നമാണ്. സംസ്ഥാനത്തിന്റെ വിവിധ സ്കൂളുകളില്‍ നിന്നായി 2600ഓളം കായികതാരങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 94 ഇനങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്.
നാല് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഫോട്ടോ പതിച്ചതും വിശദമായ വിവരങ്ങളടങ്ങിയതുമായ ഐഡന്റിറ്റി കാര്‍ഡും നല്‍കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിജയികള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റില്‍ കുട്ടികളുടെ ഫോട്ടാ പതിച്ചിരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്കൂളുകള്‍ക്ക് യഥാക്രമം 1,10,000 രൂപ, 82,500 രൂപ, 55,000രൂപയുടെ ക്യാഷ് പ്രൈസ് നല്‍കും. ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന വിദ്യാര്‍ത്ഥിക്ക് 5000 രൂപയും പുതിയ മീറ്റ് റെക്കോര്‍ഡ് സൃഷ്ടിക്കുന്ന ആള്‍ക്ക് 2000രൂപയും വ്യക്തിഗത ചാംപ്യന്‍ഷിപ്പ് നേടുന്ന മത്സരാര്‍ത്ഥിക്ക് സ്വര്‍ണമെഡലും സമ്മാനിക്കും. എല്ലാ ഇനങ്ങളിലും ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്കായി 750, 625, 500 രൂപയുടെ ക്യാഷ് പ്രൈസും നല്‍കും.
ജനുവരിയില്‍ റാഞ്ചിയില്‍ നടക്കുന്ന 57-ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കേണ്ട കായികതാരങ്ങളെ കണ്ടെത്തുന്നത് ഇവിടെനിന്നാണ്.
മത്സരങ്ങള്‍ക്ക് രാവിലെ ഒന്‍പതു മണിക്ക് പബ്ലിക് ഇന്സ്ട്രക്ഷന് ഡയറക്ടര്‍ ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. ബാബു ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. മേയര്‍ ടോണി ചമ്മണി അധ്യക്ഷനായിരിക്കുന്ന ചടങ്ങില്‍ ജില്ലയിലെ എംഎല്‍എമാരും പങ്കെടുക്കും. 11 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ. വി. തോമസ് സമ്മാനവിതരണം നടത്തും. മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് സുവനീര്‍ പ്രകാശനം ചെയ്യും. മത്സരങ്ങള്‍ ഇന്ന് രാവിലെ 7ന് ആരംഭിക്കും. പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം മൂവായിരം മീറ്റര്‍ ഓട്ടമാണ് ആദ്യമത്സരം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: