ന്യൂദല്‍ഹി: ചില്ലറ വ്യാപാര രംഗത്തെ വിവാദമായ വിദേശനിക്ഷേപ തീരുമാനം തല്ക്കാലം ഉപേക്ഷിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ, ഒന്‍പത് ദിവസമായി സ്തംഭിച്ചിരുന്ന പാര്‍ലമെന്റ് ഇന്നലെ സുഗമമായി പ്രവര്‍ത്തിച്ചു.
മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വ്യാപാര മേഖലയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം മറ്റീവ്ക്കുന്നതായി ഇന്നലെ രാവിലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതിപക്ഷവും യോജിച്ചു. തുടര്‍ന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയിലും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. രാജ്യസഭയില്‍ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ആനന്ദ് ശര്‍മ്മയും സമാന പ്രസ്താവന നടത്തി. അഭിപ്രായസമന്വയം ഉരുത്തിരിയുന്നതുവരെ വിദേശനിക്ഷേപ തീരുമാനം മാറ്റിവെച്ചതായി മുഖര്‍ജി ലോക്സഭയില്‍ പറഞ്ഞു. രാഷട്രീയപാര്‍ട്ടികളുടെയും മുഖ്യമന്ത്രിമാരുടെയും പങ്കാളിത്തമില്ലാതെ ഇത് നടപ്പാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം സമ്മതിക്കുകയുംചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപനത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ് സ്വാഗതം ചെയ്തു. മുഖര്‍ജിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി ഉള്‍പ്പെടെ വിവിധ കക്ഷികള്‍ നല്‍കിയിരുന്ന അടിയന്തര പ്രമേയങ്ങള്‍ക്ക് സ്പീക്കര്‍ മീരാകുമാര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് അംഗങ്ങള്‍ വക്കൗട്ട് നടത്തി. തുടര്‍ന്ന് കഴിഞ്ഞ 22 ന് ശീതകാല സമ്മേളനം തുടങ്ങിയശേഷം ഇതാദ്യമായി സഭയില്‍ ചോദ്യോത്തര വേള നടന്നു. വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തിലുള്ള കൂടിയാലോചനകളില്‍ സംസ്ഥാന സര്‍ക്കാരുകളെയും ഉള്‍പ്പെടുത്തണമെന്ന് സീതാറാം യെച്ചൂരി (സിപിഎം) രാജ്യസഭയില്‍ ആവശ്യപ്പെട്ടു. മന്ത്രിസഭാ തീരുമാനം പൂര്‍ണമായി റദ്ദാക്കണമെന്ന നിലപാടിലായിരുന്നു ബിജെപിയും ഇടതുപാര്‍ട്ടികളും. എന്നാല്‍ ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തിന് ശ്രമിക്കുകയാണെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തോട് യോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
വിദേശനിക്ഷേപ പ്രശ്നത്തില്‍ പാര്‍ലമെന്റ് സ്തംഭനത്തിന് പരിഹാരമായതില്‍ ബിജെപി സന്തുഷ്ടി രേഖപ്പെടുത്തി. സര്‍ക്കാര്‍ തെറ്റ് തിരിച്ചറിഞ്ഞതിലും സഭാ നടപടികള്‍ പുനരാരംഭിക്കാനായതിലും സന്തോഷമുണ്ടെന്ന് ബിജെപി നേതാവ് എം. വെങ്കയ്യ നായിഡു പാര്‍ലമെന്റിന് പുറത്ത് വാര്‍ത്താലേഖകരോട് പറഞ്ഞു. പത്തു ദിവസം മുമ്പേ സര്‍ക്കാര്‍ ഇത് ചെയ്യേണ്ടതായിരുന്നു. സഖ്യകക്ഷികളും പ്രതിപക്ഷവും കോണ്‍ഗ്രസ് പാര്‍ട്ടിയുമായി പോലും ആലോചിക്കാതെ വിവാദ തീരുമാനം നടപ്പാക്കിയ കേന്ദ്രം പാര്‍ലമെന്റിന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതേസമയം, സര്‍ക്കാരിനെതിരെ ഇന്ത്യന്‍ വ്യവസായ ലോകം രംഗത്തിറങ്ങുകയും ചെയ്തു. സര്‍ക്കാരിന്റെ പുതിയ തീരുമാനം അത്യന്തം ഖേദകരമാണെന്ന് ഫിക്കി ചൂണ്ടിക്കാട്ടി. സമ്പദ്ഘടനയുടെ വളര്‍ച്ചക്ക് നിര്‍ണായക വിഭാഗമായ ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപ തീരുമാനം പോലുള്ള പരിഷ്കാരങ്ങള്‍ അനിവാര്യമാണെന്ന് ഫിക്കി പ്രസിഡന്റ് ഹര്‍ഷ് മാരിവാല അവകാശപ്പെട്ടു. സര്‍ക്കാരിന്റെ തകിടംമറിച്ചില്‍ ആഭ്യന്തര, വിദേശ നിക്ഷേപക വികാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജിയും ‘അവസരം നഷ്ടപ്പെടുത്തി’യെന്ന് അസോച്ചം സെക്രട്ടറി ജനറല്‍ ഡി.എസ്. റാവത്തും പറഞ്ഞു. വിദേശനിക്ഷേപകര്‍ക്ക് വളരെ നിരാശാജനകമായ സന്ദേശമായിരിക്കും അത് നല്‍കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: