ചെന്നൈ: അഞ്ഞൂറിലേറെ തമിഴ് സ്ത്രീ തൊഴിലാളികളെ മുല്ലപ്പെരിയാര്‍ സമരത്തിന്റെ ഭാഗമായി ഇടുക്കിയില്‍ ബന്ദിയാക്കിയെന്നും അവരില്‍ പലരേയും ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച വ്യാജ പത്രറിപ്പോര്‍ട്ടാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും എതിരെ വ്യാപകമായ അക്രമം അഴിച്ചുവിടാന്‍ ഇടയാക്കിയത്.
തേനി ജില്ലാ അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മലയാളികള്‍ ബന്ദികളാക്കിയ തമിഴ്നാട്ടില്‍ നിന്നുള്ള എസ്റ്റേറ്റ് തൊഴിലാളികളായ സ്ത്രീകളെ വിട്ടയച്ചതെന്ന് ‘ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ ചെന്നൈ പതിപ്പില്‍ ഇന്നലെ ഒന്നാം പേജില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തേനി കളക്ടര്‍ കെ.പി. പളനിസാമിയെ ഉദ്ധരിച്ചാണ് വിവാദ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചിട്ടുള്ളത്. “കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്ന് ഇടുക്കിയില്‍ സ്വകാര്യ ഏലത്തോട്ടങ്ങളില്‍ പണിയെടുക്കാന്‍ പോയ അഞ്ഞൂറോളം സ്ത്രീതൊഴിലാളികളെ തിങ്കളാഴ്ച ഉച്ച മുതല്‍ തടഞ്ഞുവെച്ചിരിക്കുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടി.
ഇടുക്കി കളക്ടറുമായും കേരളാ പോലീസുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് സ്ത്രീകളെ തേക്കടിയിലെ കുമളി-തമിഴ്നാട് ചെക്ക് പോസ്റ്റില്‍ വെച്ച് മോചിപ്പിക്കാനായി. നമ്മുടെ പോലീസും ഈ യത്നത്തില്‍ നിര്‍ണായക പങ്കുവഹിച്ചു”-പത്ര റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച തേനി കളക്ടറുടെ വാക്കുകളാണിവ.
ലേഖകനോട് സംസാരിച്ച കേരളത്തില്‍ നിന്നെത്തിയ സ്ത്രീകള്‍ കണ്ണീര് വാര്‍ത്തുകൊണ്ടാണ് തങ്ങളുടെ ദുരനുഭവം വിശദീകരിച്ചതത്രെ. “തമിഴ്നാട്ടില്‍ നിന്നെത്തിയ ചില അയ്യപ്പ ഭക്തന്മാര് കേരളത്തില്‍ ആക്രമിക്കപ്പെട്ടെന്നും അതിനാല്‍ വേഗം മടങ്ങിയെത്താന്‍ ഉച്ചക്ക് രണ്ട് മണിയോടെ ഞങ്ങളുടെ കുടുംബങ്ങളില്‍ നിന്ന് നിര്‍ദ്ദേശം വന്നു. മടങ്ങിവരവേ പുരുഷന്മാരുടെ സംഘങ്ങള്‍ തങ്ങളെ വളയുകയും ഉപദ്രവിക്കാന്‍ ആരംഭിക്കുകയും ചെയ്തു. അവര്‍ ഞങ്ങളില്‍ പ്രായം കുറഞ്ഞ സ്ത്രീകളുടെ സാരികള്‍ പിടിച്ചുവലിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. ജീവഭയത്താല്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ”- അമ്പതുകാരിയായ കമ്പത്തെ കറുപ്പായിയെന്ന സ്ത്രീയുടേതായി റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കപ്പെട്ടു.
മലയാളികള്‍ തെറി വിളിച്ചതായി മുത്തുപ്പാച്ചിയെ പത്രം ഉദ്ധരിക്കുന്നു. തങ്ങള്‍ക്കിടയിലെ ചില യുവതികള്‍ അനുഭവിച്ച ലൈംഗിക പീഡനത്തെപ്പറ്റി പറയാനാവില്ലെന്നും മുത്തുപ്പാച്ചി പരാതിപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. തോട്ടം ഉടമകള്‍ ഏര്‍പ്പെടുത്തിക്കൊടുത്ത വാഹനങ്ങളിലാണത്രെ തമിഴ്നാട്ടുകാരായ സ്ത്രീ തൊഴിലാളികള്‍ തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: