തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ വിശദമായ പുതിയ സത്യവാങ്മൂലം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി നല്കിയ വിശദീകരണത്തെക്കുറിച്ച് വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദമായ പുതിയ സത്യവാങ്മൂലം നല്കാന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. പുതിയ സത്യവാങ്മൂലം തയ്യാറാക്കാന്‍ മന്ത്രിമാരായ കെ.എം.മാണി, ആര്യാടന് മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പി.ജെ ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ഉപസമിതി രൂപവത്കരിച്ചു. എജിയുമായി ആലോചിച്ച് ഉപസമിതി പുതിയ സത്യവാങ്മൂലം തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അഡ്വക്കേറ്റ് ജനറല്‍ നല്കിയ വിശദീകരണത്തെക്കുറിച്ച് വ്യാപകമായ പ്രതിഷേധം ഭരണകക്ഷിയില്‍ നിന്നും പ്രതിപക്ഷത്തു നിന്നും ഉണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള എല്ലാ ആശങ്കകളും ഇല്ലാതാക്കുന്ന തരത്തിലായിരിക്കും പുതിയ സത്യവാങ്മൂലം തയ്യാറാക്കുന്നത്.
ഹൈക്കോടതിയില്‍ എജി നല്കിയ വിശദീകരണത്തെക്കുറിച്ച് വിശദമാക്കാന്‍ അദ്ദേഹത്തെ ഇന്നലത്തെ മന്ത്രിസഭായോഗത്തിലേക്ക് വിളിച്ചു വരുത്തിയിരുന്നു. അഡ്വക്കേറ്റ് ജനറല്‍ നല്കിയ വിശദീകരണം എല്ലാവര്ക്കും ബോധ്യപ്പെട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞെങ്കിലും എ.ജിയുടെ വിശദീകരണത്തെ മറികടക്കാന്‍ പുതിയ സത്യവാങ്മൂലം നല്കാന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
സംസ്ഥാന താല്പര്യത്തിനെതിരായി താന്‍ ഒന്നും ഹൈക്കോടതിയില്‍ പറഞ്ഞിട്ടില്ലെന്നാണ് എജി മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡാമിന്റെ സുരക്ഷയും ജലനിരപ്പും തമ്മില്‍ ബന്ധമില്ലെന്ന് ഹൈക്കോടതിയില്‍ എജി പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് സംസ്ഥാനത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. എന്നാല്‍ അത്തരത്തിലോ അതിനു സമാനമായതോ ആയ പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ലെന്ന് ദണ്ഡപാണി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. ഇത് മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.
സര്‍വ്വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ നല്കിയ പ്രസ്താവനയില്‍ കുറേക്കൂടി വ്യക്തത വരുത്തേണ്ടതുണ്ട്. അതും മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു. ഇതെല്ലാം പരിഗണിച്ചാകും പുതിയ സത്യവാങ്മൂലം തയ്യാറാക്കുന്നത്. 15നാണ് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. അതിനു മുമ്പായി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും. സത്യവാങ്മൂലം തയ്യാറാക്കാനുള്ള ഉപസമിതിയുടെ ആദ്യ യോഗം ഇന്നലെ ചേര്‍ന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സര്‍വകക്ഷി സംഘം ദില്ലിയില്‍ പോയി പ്രധാനമന്ത്രിയെയും മറ്റും കാണും. പ്രധാനമന്ത്രിയുടെയും പ്രതിപക്ഷത്തിന്റെയും സൗകര്യം പരിഗണിച്ചശേഷം ഇതിന്റെ തീയതി തീരുമാനിക്കും.
അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാവുന്ന സ്ഥിതിഗതികള്‍ പഠിക്കാന്‍ തേക്കടിയില്‍ ഫ്ലഡ് ഫീല്‍ഡ് മാപ്പിങ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രദേശത്തെ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കും. ഇതിനായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ കീഴില്‍ കമ്യൂണിറ്റി ബേസ്ഡ് ഡിസാസ്റ്റര്‍ റിസ്ക് മാനേജ്മെന്റ് നടപ്പാക്കും. മുല്ലപ്പെരിയാറിലെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യാനുസരണം പണം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: