ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന സര്‍ഗശക്തിയാണ് പ്രാണന്. പ്രപഞ്ചശരീരത്തിലും മനുഷ്യശരീരത്തിലും മറ്റ് ജീവശരീരത്തിലും പ്രവര്‍ത്തിക്കുന്നത് സര്‍വ്വവ്യാപിയായ ഈ പ്രാണനാണ്. ആകാശമായും വായുവായും വെള്ളമായും ഭൂമിയായും നക്ഷത്രങ്ങളായും പരിണമിച്ചിരിക്കുന്നതും ഈ പ്രാണശക്തിതന്നെ. കല്പാരംഭത്തില് ഈ പ്രാണശക്തി പരിണമിച്ച് സര്‍വ്വചരാചരങ്ങളും രൂപം കൊള്ളുന്നു. കല്പാവസാനത്തില് ഇവയെല്ലാം ആ പ്രാണനില്‍ തിരികെ ലയിക്കുകയും ചെയ്യുന്നു.
“മാനസികമായോ ശാരീരികമായോ ലോകത്തുള്ള എല്ലാ ശക്തികളും പൂര്‍വ്വാവസ്ഥയിലേക്ക് തിരികെ ലയിക്കുമ്പോഴുള്ള ആകെ തുകയാണ് പ്രാണന് എന്ന് പറയുന്നത്.” – സ്വാമി വിവേകാനന്ദന്. ഈ പ്രാണനെ അറിയുകയും നിയമനം ചെയ്യുകയുമാണ് പ്രാണായാമം.
എല്ലാ പ്രാപഞ്ചികശക്തികളും പ്രാണന്റെ സൂക്ഷ്മതന്മാത്രകള് പരിണമിച്ചുണ്ടായതാണ് എന്ന തത്ത്വം അംഗീകരിച്ചാല്‍ എല്ലാത്തിനും പൊതുവായ നിയാമകശക്തിയ്ക്ക് സാധര്‍മ്മ്യം ഉണ്ടെന്നും അംഗീകരിക്കേണ്ടിവരും. പ്രാപഞ്ചികശക്തികളെ സൂക്ഷ്മമായി അപഗ്രഥിക്കുവാനും വിശകലനം ചെയ്യുവാനും അനേകം മനുഷ്യജന്മം കൊണ്ടാവില്ല. അതുകൊണ്ട് എല്ലാത്തിനും ആധാരമായ കേവലസത്തയെ ഗ്രഹിക്കുകയും അതുവഴി വിശേഷജ്ഞാനം നേടി പ്രാപഞ്ചികരഹസ്യങ്ങളിലേക്ക് ഊളിയിട്ടിറങ്ങുകയുമാണ് യോഗി ചെയ്യുന്നത്.
മനുഷ്യരെ സംബന്ധിച്ചിടത്തോളം ശരീരവും മനസ്സുമാണ് അവന് ഏറ്റവും അടുത്തുള്ള പ്രാണശക്തിയുടെ ആവാസകേന്ദ്രം. പ്രാണശക്തിയുടെ സൂക്ഷ്മ തന്മാത്രകളുടെ വ്യാപനമാണ് വിചാരം. മനസ്സ് ഏകാഗ്രമാക്കുന്നതോടെ പഞ്ചേന്ദ്രിയങ്ങളുമായുള്ള അതിന്റെ ബന്ധം വിച്ഛേദിക്കപ്പെടുന്നു. മനസ്സ് അത്യുന്നതമായ മറ്റൊരു മേഖയിലേക്കുയരുന്നു. മനസ്സിന്റെ കടിഞ്ഞാണ്‍ ധ്യാതാവിന്റെ കൈയിലൊതുങ്ങുന്നു. പതഞ്ജലീയോഗസൂത്രത്തിലെ നാലാമത്തെ അംഗമാണ് പ്രാണായാമം.
– വി.രാമചന്ദ്രന് നായര്‍ ബുധനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: