കൊല്‍ക്കത്ത: ബോളിവുഡ് നടന് ദേവാനന്ദിന്റെ മരണത്തില്‍ മാധ്യമങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയതിന് പ്രസ് കൗണ്‍സില്‍ ചെയര്മാന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ രൂക്ഷ വിമര്‍ശനം. കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍ അതെല്ലാം മറന്നാണ് മാധ്യമങ്ങളുടെ ഇത്തരം നടപടികളെന്ന് കട്ജു വിമര്‍ശിച്ചു.
പലപ്പോഴും മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പിഴവ് സംഭവിക്കാറുണ്ടെന്നും സാമൂഹ്യ, സാമ്പത്തിക പ്രശ്നങ്ങള്‍ യഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താനും ദേവാനന്ദിനെ ഇഷ്ടപ്പെട്ടിരുന്നു. ചെറുപ്പകാലത്ത് ധാരാളം സിനിമകള്‍ കണ്ടിരുന്നു. എന്നാല്‍ ദേവാനന്ദിന്റെ മരണത്തിന് നല്കിയ ആവശ്യമില്ലാത്ത പ്രാധാന്യത്തെ ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും കട്ജു വ്യക്തമാക്കി.
സാമൂഹ്യ സാമ്പത്തിക മേഖലയില്‍ രാജ്യം നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ദാരിദ്ര്യവും വിലക്കയറ്റവും കര്‍ഷകരുടെ ആത്മഹത്യയുമുള്പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. കഴിഞ്ഞ അമ്പതുവര്‍ഷമായി രണ്ടരലക്ഷം കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. പ്രമുഖ പത്രപ്രവര്‍ത്തകനായ സായ്നാഥ് ഉള്‍പ്പെടെയുള്ളവര്‍ ആത്മാര്‍ത്ഥതയോടെയും ധീരതയോടെയും പ്രവര്‍ത്തിക്കുമ്പോഴാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഇവയെല്ലാം മറക്കുന്നതും അവഗണിക്കുന്നതെന്നും സുപ്രീം കോടതി മുന്‍ ജഡ്ജി കൂടിയായ കട്ജു കുറ്റപ്പെടുത്തി.
മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കേണ്ട സമയം അതിക്രമിച്ചെന്നും സ്വയം തിരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധസമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് കൗണ്‍സില്‍ അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഈ വിഷയവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
കാശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ സമരപരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോള്‍ പോലീസുകാര്‍ പീഡിപ്പിക്കുന്നതായി നേരത്തെ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: