തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ വാദം മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതേത്തുടര്‍ന്ന് എജിക്കെതിരേ നടപടി സ്വീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. എ.ജിയുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമാണെന്ന് യോഗ ശേഷം മുഖ്യമന്ത്രി പറഞ്ഞു.
അണക്കെട്ട് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കും. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നാല് മന്ത്രിമാര്‍ ഉള്‍പ്പെട്ട ഉപസമിതി രൂപീകരിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, പി.ജെ.ജോസഫ്, പി.കെ.കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവരാണ് സമിതി അംഗങ്ങള്‍.
ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ വിളിച്ചു വരുത്തിയ എ.ജി ദണ്ഡപാണിയും പരമേശ്വരന് നായരും കോടതിയിലെടുത്ത നിലപാടുകള്‍ വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നു എ.ജി വിശദീകരിച്ചു. 120 അടിയായി ജലനിരപ്പു താഴ്ത്തണമെന്നാണു പറഞ്ഞത്. ചില കാര്യങ്ങളില്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ജലനിരപ്പും അണക്കെട്ടിന്റെ സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്നു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി അണക്കെട്ടു താങ്ങുമോ എന്നാണു ഹൈക്കോടതി ചോദിച്ചതെന്ന് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്മാന് എം.കെ. പരമേശ്വരന് വിശദീകരിച്ചു. ഈ ചോദ്യത്തിനാണു മറുപടി നല്‍കിയത്. അതില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുകയോ പറയാനുള്ള സാഹചര്യമുണ്ടാകുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ദുരന്തനിവാരണ വകുപ്പിന്റെ ചുമതലയുള്ള കെ.ബി. വത്സല കുമാരി ഐഎഎസ് എന്നിവരില്‍ നിന്നു മന്ത്രിസഭയോഗം വിശദീകരണം തേടി. ഇതിനു ശേഷമാണ് എജിക്കെതിരേ നടപടി വേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: