ന്യൂദല്‍ഹി: ചില്ലറ വ്യാപാര രംഗത്തു വിദേശ നിക്ഷേപം (എഫ്ഡിഐ) കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സമവായമുണ്ടായതിന് ശേഷം മാത്രമേ തീരുമാനം നടപ്പാക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തീരുമാനം ലോക്സഭയില്‍ പ്രണബ് മുഖര്‍ജിയും രാജ്യസഭയില്‍ ആനന്ദ് ശര്‍മ്മയും അറിയിച്ചു.
ഇന്ന് രാവിലെ ചേര്‍ന്ന സര്വ്വകക്ഷിസമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് സുഗമമായി സമ്മേളിച്ചു. എഫ്.ഡി.ഐ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച പരാതികളെല്ലാം പരിഹരിച്ച ശേഷം മാത്രമേ നടപ്പാക്കൂവെന്ന് പ്രണബ് മുഖര്‍ജി സര്‍വ്വകക്ഷി സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ തീരുമാനം റദ്ദാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് രാഷ്ട്രീയ തീരുമാനം ഉണ്ടാകുന്നതുവരെ തീരുമാനം മരവിപ്പിക്കാമെന്ന് പ്രണബ് മുഖര്‍ജി ഉറപ്പ് നല്‍കുകയായിരുന്നു.
എഫ്.ഡി.ഐ പ്രശ്നത്തില്‍ തുടര്‍ച്ചയായി ഒമ്പതു ദിവസം പാര്‍ലമെന്റ് സ്തംഭിച്ചതിനെത്തുടര്ന്നാണു നിലപാടില്‍ കേന്ദ്രം മാറ്റം വരുത്തിയത്. ഇതുസംബന്ധിച്ച പ്രമേയം സര്‍വകക്ഷിയോഗം പാസാക്കി. പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. തീരുമാനം മരവിപ്പിച്ചത് സര്‍ക്കാരിന്റെ പരാജയമല്ല മറിച്ച് ജനാധിപത്യത്തിന്റെ വിജയമാണെന്ന് സുഷമ സ്വരാജ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തൃപ്തികരമെന്നു യു.പി.എ ഘടകകക്ഷി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും മരവിപ്പിക്കാനുള്ള തീരുമാനം ഫലത്തില്‍ റദ്ദാക്കല്‍ തന്നെയാണെന്ന് ഇടതുപാര്‍ട്ടികളും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: