വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പണം വാങ്ങിയ കേരളത്തിലെ നേതാക്കളുടെ പേര് തമിഴ്നാട് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് മുന്‍ ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ഡാമില്‍ കേന്ദ്രസേനയെ വിന്യസിക്കാനുള്ള നീക്കത്തെ കേരളം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഉപവാസ സമരം നടത്തുന്ന പന്തലില്‍ സംസാരിക്കുകയായിരുന്നു എന്‍.കെ പ്രേമചന്ദ്രന്. കേരളത്തിലെ നേതാക്കള്‍ തമിഴ്നാട് സര്‍ക്കാരില്‍നിന്ന് പണവും ഭൂമിയും വാങ്ങിക്കൂട്ടിയെന്ന മുഖ്യമന്ത്രി ജയലളിതയുടെ ആരോപണം യഥാര്‍ത്ഥ പ്രശ്നത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ഡാം നിര്‍മിച്ചാലും തമിഴ്നാടിനു നല്കുന്ന ജലത്തിന്റെ അളവില്‍ ഒരു തുള്ളിപോലും കുറവു വരുത്തില്ല. പുതിയ അണക്കെട്ടെന്നതു തത്വത്തില്‍ അംഗീകരിച്ചാല്‍ തമിഴ്നാടുമായി ഒരു മേശയ്ക്കു ചുറ്റുമിരുന്നു മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെയോ കോടതിയെയോ മധ്യസ്ഥരാക്കാമെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഏകപക്ഷീയമായ നിഷേധാത്മക നിലപാടാണു തമിഴ്നാട് സ്വീകരിക്കുന്നത്.
കേരളത്തിലെ ജനങ്ങളെ വാള്‍മുനയില്‍ നിര്‍ത്തുന്ന സമീപനം ശരിയല്ലെന്നും പ്രേമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: