കുവൈറ്റ് സിറ്റി: കുവൈറ്റ് അമീര്‍ ഷെയ്ഖ് സാബ അല്‍ അഹമ്മദ് സാബ കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ താത്പര്യങ്ങള്‍ക്കു ഭീഷണിയെന്ന് ആരോപിച്ചാണു നടപടിയെന്നു സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
ആറു വര്‍ഷത്തിനിടെ ഇതു നാലാം തവണയാണു കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിടുന്നത്. പ്രധാനമന്ത്രി ഷെയ്ഖ് നാസര്‍ അല്‍-മുഹമ്മദ് അല്‍-സാബ പ്രതിപക്ഷാംഗങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കഴിഞ്ഞ ആഴ്ച രാജിവച്ചതിനെത്തുടര്‍ന്ന് പ്രതിരോധ മന്ത്രിയായിരുന്ന ഷെയ്ഖ് ജാബര്‍ അല്‍-മുബാറക് അല്‍-സാബയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. ഈ അവസരത്തിലാണ് നാടകീയമായി കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് അമീര്‍ ഉത്തരവിട്ടിരിക്കുന്നത്.
പാര്‍ലമെന്റ് പിരിച്ചുവിടുന്നത് നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിടാനാണെന്നാണ് വിശദീകരണം. കുവൈറ്റ് ഭരണഘടനപ്രകാരം, പാര്‍ലമെന്റ് പിരിച്ചുവിട്ടാല്‍ അടുത്ത 60 ദിവസത്തിനുള്ളില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തണം. അടുത്തദിവസങ്ങളില്‍ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചേക്കും. അഴിമതിക്കെതിരേ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ രാജ്യത്തു യുവജനപ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു നടത്താനുള്ള നീക്കം.
അമ്പതംഗ പാര്‍ലമെന്റില്‍ 15 പേര് എണ്ണ ഇടപാടിന്റെ ഭാഗമായി 35 കോടി ഡോളറിന്റെ ബാങ്ക് നിക്ഷേപം സ്വീകരിച്ചതായി യുവജന സംഘടനകള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞമാസം യുവാക്കള്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി. സ്ഥിതി വഷളായതോടെ ഷെയ്ഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബഹിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നു നീക്കിയ അമീര്‍ പ്രതിരോധ മന്ത്രി ഷെയ്ഖ് ജാബര്‍ മുബാറക്കിനെ പ്രധാനമന്ത്രിയാക്കി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: