വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉപവാസ സമരം ആരംഭിച്ചു. പ്രതിഷേധസമരങ്ങള്‍ അക്രമാസക്തമാകരുതെന്ന് വി.എസ് ജനങ്ങളോട് ആഹ്വാനം ചെയ്തു.
വണ്ടിപ്പെരിയാറില്‍ സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രന് ഉപവാസം നടത്തുന്ന പന്തലിലാണു വി.എസിന്റെ ഏകദിന നിരാഹാരം. 116 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. അതിനാല്‍ എത്രയും പെട്ടെന്ന് പുതിയ അണക്കെട്ട് പണിയണം. തമിഴ്നാടിന് വെള്ളം നല്കുന്ന കേരളത്തിലെ 40 ലക്ഷത്തോളം ജനങ്ങളെ മുക്കിക്കൊല്ലരുതെന്ന് വി.എസ് പറഞ്ഞു.
ജീവതം തിരിച്ചു തരണമെന്നതു കേരള ജനതയുടെ അഭ്യര്ഥനയാണ്. അഭ്യര്‍ഥന ചെവി കൊള്ളേണ്ട ആളുകള്‍ അതിനു തയാറാകുന്നില്ല. ഇതു ദുഃഖകരമാണ്. മനുഷ്യത്വത്തിന്റെ കണികയുള്ള ആളുകള്‍ക്കു ജനങ്ങളുടെ ആവലാതി ശ്രദ്ധിക്കാതിരിക്കാന്‍ സാധിക്കില്ല. ജീവന് സംരക്ഷിക്കാനുള്ള സമരമാണിത്.
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരം തടയുന്നതില്‍ പോലീസ് കാണിച്ച അലംഭാവമാണ് തമിഴ്നാട്ടിലെ അക്രമസംഭവങ്ങള്‍ക്ക് പ്രചോദനമായത്. ഇത്തരം അക്രമസംഭവങ്ങള്‍ ഒരു ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ല. പ്രക്ഷോഭ പരിപാടികള്‍ സമാധാനപരമായി മുന്നേറണം. അക്രമത്തിന്റെ പാതയിലേക്ക് ഈ സമരം പോകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഉച്ചയ്ക്കു ശേഷം ഉപ്പുതറ ചപ്പാത്തിലെ സമരപന്തല്‍ സന്ദര്‍ശിക്കുന്ന വിഎസ് അവിടെ നിരാഹാര സമരം അവസാനിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: