കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് സര്‍ക്കാര്‍ വിദഗ്ദ്ധനും ആവര്‍ത്തിച്ചു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി ഡാം താങ്ങുമെന്നു മുല്ലപ്പെരിയാര്‍ ഡാം സെല്‍ ചെയര്മാന് എം.കെ. പരമേശ്വരന് നായര്‍ അറിയിച്ചു.
ഇരു ഡാമുകളിലെയും ഇപ്പോഴത്തെ ജലനിരപ്പിന്റെ അടിസ്ഥാനത്തിലാണ് നിഗമനമെന്നു പരമേശ്വരന് നായര്‍ അറിയിച്ചു. എന്നാല്‍ സാധാരണമായ വെളളത്തിന്റെ ഒഴുക്കല്ല, ദുരന്തമുണ്ടായാല്‍ ഉണ്ടാകാവുന്ന കുത്തൊഴുക്ക് ഇടുക്കി ഡാമിനു തടയാനാകുമോയെന്ന് കോടതി ചോദിച്ചു.
അതേസമയം ഡാം തകര്‍ന്നാല്‍ ഇടുക്കി ഡാമിന് എന്തു സംഭവിക്കുമെന്നു പറയാനാവില്ലെന്നു കെഎസ്ഇബി.വ്യക്തമാക്കി. ഒരുപക്ഷേ മുല്ലപ്പെരിയാര്‍ തകരുകയാണെങ്കില്‍ കല്ലും പാറകളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇടുക്കി ഡാമിലെത്തുമെന്നും ഇത് ഡാം താങ്ങുമെന്നോ, താങ്ങില്ലെന്നോ പറയാനാകില്ലെന്ന് കെഎസ്ഇബി ചെയര്മാന് സി.എന്‍. മനോഹരന് വ്യക്തമാക്കി.
മുല്ലപ്പെരിയാറിലെ ജലം താങ്ങുന്നതിനായി ഇടുക്കിയിലെ ജലനിരപ്പ് ക്രമീകരിച്ചു കഴിഞ്ഞൂവെന്നും മനോഹരന് അറിയിച്ചു. മുന്‍കാലത്തേക്കാള്‍ നാലിരട്ടിയോളം വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭാവിയില്‍ പവര്‍കട്ടിന് കാരണമാകുമെന്നതിനാല്‍ അധികകാലം ഇത് തുടരാനാവില്ല എന്നും കെ.എസ്.ഇ.ബി ചെയര്മാന് പറഞ്ഞു.
അപകടമുണ്ടായാല്‍ ഏതു രീതിയില്‍ രക്ഷപെടണമെന്നതു സംബന്ധിച്ചു സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: