കുമളി: മുല്ലപ്പെരിയാര്‍ വിഷയത്തെ സംഘര്ഷവല്ക്കരിക്കാന് തമിഴ്നാട് ശ്രമം. ഇന്നലെ ഉച്ചയോടെയാണ് കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ കേരളത്തില്‍നിന്നുള്ള വാഹനങ്ങളെ തടയാനും അക്രമിക്കാനും തുടങ്ങിയത്. കമ്പംമെട്ടിലാണ് കേരള രജിസ്ട്രേഷന് വാഹനങ്ങള്‍ അക്രമത്തിനിരയായത്. ഒരു വാഹനം കത്തിക്കുകയും നൂറോളം വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലെ കമ്പത്തും ഗൂഡല്ലൂരിലും മലയാളികള്‍ നടത്തുന്ന ധാരാളം സ്ഥാപനങ്ങള്‍ തകര്‍ക്കുകയും മലയാളികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി അറിയുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കമ്പംമെട്ടിലും കുമളിയിലും മൂന്ന് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി എട്ട് മണിയോടെ തമിഴ്നാട്ടില്‍ നിന്നെത്തിയ നൂറുകണക്കിന് അക്രമികള്‍ കുമളി ചെക് പോസ്റ്റില്‍ ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു. മുല്ലപ്പെരിയാറില്‍നിന്നും തമിഴ്നാട്ടില്‍ വെള്ളം കൊടുക്കാവാന്‍ സ്ഥാപിച്ചിട്ടുള്ള ഷട്ടറിലേക്ക് പ്രകടനമായെത്താനായിരുന്നു ഇവരുടെ പദ്ധതി എന്നറിയുന്നു. ചെക് പോസ്റ്റില്‍ നിലയുറപ്പിച്ചിരുന്ന പോലീസ് സംഘം അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മലയാളികളായ കടക്കാരുള്പ്പെടെ സംഘം ചേര്‍ന്ന് അക്രമികളെ ചെറുത്തു തോല്പിച്ചു. തമിഴ്നാട്ടില്നിന്നെത്തിയവര് കേരള അതിര്‍ത്തിയില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു. അവിടെനിന്നും കനത്ത കല്ലേറും ഉണ്ടായതോടെ നാട്ടുകാര്‍ നാലുപാടും ഓടി. ഓടിപ്പോയവര്‍ ഉടന്‍തന്നെ തിരിച്ചുവന്ന് ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന തമിഴ്നാട്ടുകാരുടെ ഹോട്ടല്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് സ്ഥലത്തെത്തി തടഞ്ഞു.
ഇതിനിടെ, മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ മലയാളികള്‍ക്കുനേരെ അക്രമം ഉണ്ടായതിനെ തുടര്‍ന്ന് കേരള ഡിജിപി തമിഴ്നാട് ഡിജിപിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് തമിഴ്നാട് ഡിജിപി കെ.രാമാനുജം അറിയിച്ചതായി ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകും.
കേരളത്തിലുള്ള തമിഴരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് തമിഴ്നാട് ഡിജിപി ആവശ്യപ്പെട്ടു. സംസ്ഥാന അതിര്‍ത്തികളിലൂടെയുള്ള വാഹനഗതാഗത്തിന് തടസ്സമുണ്ടാകില്ല. തമിഴ്നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് കേരളം തമിഴ്നാടിനെ അറിയിച്ചു. മാവേലിക്കരയില്‍ നിന്നു പഴനിക്കു പോയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന പത്തൊന്‍പതംഗ സംഘം സഞ്ചരിച്ച വാനാണ് കമ്പത്ത് ഒരു സംഘം തടഞ്ഞ് തകര്‍ത്തത്. സംഘം രണ്ടു കിലോമീറ്റര്‍ ദൂരെ ഏഴാര്കുളം എന്ന ഗ്രാമത്തിലെ വീട്ടില്‍ അഭയം പ്രാപിച്ചു. ഈരാറ്റുപേട്ടയിലുള്ള ലോറി തമിഴ്നാട് ലോവര്‍ക്യാംപില്‍ തടഞ്ഞിട്ട് രാത്രിമുതല്‍ ഡ്രൈവറെയും ക്ലിനറെയും ബന്ദിയാക്കി. പിന്നീട് ഡ്രൈവറെയും ക്ലീനറെയും വനത്തിലേക്ക് ഓടിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: