കൊച്ചി: ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളങ്ങളിലും എരുമേലി, പമ്പ, നിലയ്‌ക്കല്‍, പന്തളം എന്നീ ക്ഷേത്രസങ്കേതങ്ങളിലും ആഹാരപദാര്‍ത്ഥങ്ങളുടെയും ശീതളപാനീയങ്ങളുടെയും ഗുണനിലവാരവും വിലനിലവാരവും പരിശോധിക്കുവാന്‍ ഉദ്യോഗസ്ഥന്മാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് അയ്യപ്പധര്‍മ്മ പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി അയര്‍ക്കുന്നം രാമന്‍ നായര്‍ ആവശ്യപ്പെട്ടു.
മാളികപ്പുറങ്ങള്‍ക്കും കന്നി അയ്യപ്പന്മാര്‍ക്കും അപ്പം അരവണ പ്രസാദം ലഭിക്കുവാനും ദര്‍ശനത്തിനും പ്രത്യേക ക്യൂ അനുവദിക്കേണ്ടതാണ്. ദേവസ്വംബോര്‍ഡിന്റെ മഹാക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്കുള്ള ഈ കാലയളവില്‍ ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യം ലഭിക്കാത്തതിനാല്‍ ഭക്തജനങ്ങള്‍ ക്ഷേത്രസങ്കേതങ്ങളില്‍ വളരെ ദുരിതമനുഭവിക്കുന്നുണ്ട്.
അന്യ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ഭക്തന്മാരോട് ജീവനക്കാര്‍ ക്ഷേത്രപരിശുദ്ധിക്കുതകുംവിധം പെരുമാറുന്നില്ലെന്നുള്ള ധാരാളം ആക്ഷേപമുള്ളതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി ദേവസ്വം അധികാരികളും വിജിലന്‍സ് ഡിപ്പോര്‍ട്ട്മെന്റും അന്വേഷണം നടത്തണമെന്ന് രാമന്‍ നായര്‍ അറിയിച്ചു.
ശബരിമല തീര്‍ത്ഥാടകര്‍ക്കുവേണ്ടി അയ്യപ്പധര്‍മ്മപരിഷത്ത് നടപ്പാക്കുന്ന അന്നദാനം, വിശ്രമകേന്ദ്രം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഔഷധജലവിതരണം, മെഡിക്കല്‍ ക്യാമ്പ് എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രപരിസരത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. തന്ത്രിസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരി ചടങ്ങില്‍ ഭദ്രദീപം തെളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: