ചിലരെ കാലം യൗവനം നല്കി ശരീരത്തെയും മനസിനെയും എന്നും അനുഗ്രഹിക്കും. ചിലരാകട്ടെ ചെറുപ്പത്തിന്റെ മുദ്രചാര്‍ത്തി കാലത്തെയും അത്ഭുതപ്പെടുത്തും. രണ്ടായാലും ദേവ് ആനന്ദ് മരണംവരെ ബോളിവുഡിന്റെ നിത്യഹരിതനായകനായിരുന്നു.
നിത്യഹരിതമെന്ന് സ്വയം വിശ്വസിക്കുകയും അത് പ്രേക്ഷകരെക്കൂടി വിശ്വസിപ്പിക്കുകയുമായിരുന്നു ദേവ് ആനന്ദ്. പേര് സൂചിപ്പിക്കുംപോലെ സിനിമയിലും ജീവിതത്തിലുടനീളവും ആനന്ദം ഉടയാടയായി വാരിച്ചുറ്റുകയായിരുന്നു ദേവ്. പ്രായത്തെ തോല്‍പ്പിക്കുന്ന ചെറുപ്പം ചിന്തയിലും പ്രവൃത്തിയിലും അദ്ദേഹം സൂക്ഷിച്ചു. വിടപറഞ്ഞ 88-ാം വയസിലും ദേവ് സിനിമയുടെ പണിപ്പുരയിലായിരുന്നത് അതുകൊണ്ടാണ്.
ദേവിന്റെ സിനിമകള്‍ക്ക് ഉദാത്ത വിശേഷണം നല്കാന് കഴിയില്ലെങ്കിലും സാധാരണ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരുതരം ജനകീയത അവയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ദേവ് സിനിമകള്‍ ഏറെയും ഹിറ്റായത്. നായകനും കാമുകനുമായിരുന്നു ദേവ്. പ്രണയസങ്കല്പത്തിന്റെ ഒരു കാലം അദ്ദേഹം ബോളിവുഡില്‍ നെയ്തെടുത്തു. സ്നേഹവും നന്മകളുമുള്ള നായികാ-നായകന്മാരും കാമുകി-കാമുകന്മാരുമെന്ന ഒരു കാല്പനികത ദേവ് സൃഷ്ടിച്ചു. കാലമൊഴുക്കില് പ്രണയസങ്കല്പങ്ങള് മാറാമെങ്കിലും അവയിലെ നന്മകള് സിനിമയിലായാല്‍പ്പോലും മാറുന്നില്ല. ബോളിവുഡിലെ ആ സങ്കല്പം ദേവിന്റെകൂടി സംഭാവനയാണ്.
നടന്, സംവിധായകന്, നിര്‍മാതാവ്, എഴുത്തുകാരന്, രാഷ്ട്രീയക്കാരന് എന്നിങ്ങനെ ബഹുവചനങ്ങളുടെ വ്യക്തിത്വമാണ് ദേവ് ആനന്ദ്. ആറ് പതിറ്റാണ്ടുകളിലധികം നെഞ്ചോടു ചേര്‍ത്തു വെച്ച സിനിമാജീവിതം. ഏറെയും ഹിറ്റുകള്‍. ഇന്നും പഴയ-പുതിയ തലമുറകള്‍ അകമേ മൂളുന്ന പാട്ടുകള്‍ പലതും ദേവ് സിനിമകള്‍ നല്കിയവയാണ്.
സിനിമാക്കാരനിലെ സാമൂഹ്യ പ്രതിബദ്ധതയായി അടിയന്തരാവസ്ഥക്കെതിരെ പരസ്യമായി രംഗത്തുവന്ന് തന്നിലെ രാഷ്ട്രീയക്കാരനെ പ്രത്യക്ഷപ്പെടുത്താനും ദേവിന് കഴിഞ്ഞു. ഇന്ദിരാഗാന്ധിക്കെതിരെ അദ്ദേഹം തെരഞ്ഞെടുപ്പില്‍ ച്രചാരണം നടത്തി. ഇത്തരം രാഷ്ട്രീയ ധാര്‍മിക രോഷത്തിന്റെ പിന്‍ബലത്തില്‍ ദേവ് രൂപം നല്‍കിയതാണ് പിന്നീട് പിരിച്ചുവിട്ട നാഷണല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. പൈങ്കിളി സിനിമയിലെ പ്രണയനായകനില്നിന്നും വ്യക്തിജീവിതത്തിലെ രാഷ്ട്രീയ കൈമുദ്രയുള്ള മനുഷ്യനെയും അങ്ങനെ പ്രേക്ഷകര്‍ ദേവില്‍ കണ്ടു.
വ്യക്തി-സിനിമാ ജീവിത ദ്വന്ദ്വങ്ങളില്‍ പ്രണയം വാരിക്കോരിക്കുടിച്ച ദേവിന്റെ ആ സ്പര്‍ശം അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരിലുമുണ്ട്- റൊമാന്‍സിങ് വിത് ലൈഫ്. പ്രേമം തൊടുമ്പോഴും ബോളിവുഡിന്റെകൂടി ആത്മകഥയാണ് ഈ പുസ്തകം. ദേവ് കടന്നുവന്ന വഴികള്‍, വ്യക്തികള്‍ എല്ലാമുണ്ടിതില്‍. യൗവനം, പ്രണയം, സൗഹൃദം, ദുരിതം എന്നിങ്ങനെ സ്നേഹവും കാരുണ്യവും ചിരിയും കരച്ചിലും നന്ദിയും കടപ്പാടുമൊക്കെ ചാലിച്ചെഴുതിയ ആത്മപുസ്തകം.
ഓരോ കാലവും ഓര്‍മിക്കാന്‍ നമുക്ക് ചിലതുണ്ട്; പുസ്തകങ്ങള്‍, കെട്ടിടങ്ങള്‍, ഫോട്ടോഗ്രാഫി, സിനിമകള്‍. ബോളിവുഡിന്റെ ഒരു കാലമോര്‍ക്കാന്‍ ദേവിന്റെ സിനിമകളുണ്ട്. മരിച്ചാലും കാണാനും ഓര്‍ക്കാനും സിനിമകളവശേഷിക്കുമെന്നത് സിനിമാക്കാരുടെ മാത്രം ഭാഗ്യമാണ്. ദേവ് ആനന്ദ് ഇനി സിനിമയില്‍ മാത്രമല്ല ഓര്‍മകളിലും നിത്യഹരിത നായകനാവുകയാണ്.
സേവ്യര്‍. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: