സിഡ്നി: ഇന്ത്യക്ക് യുറേനിയം വില്ക്കാന് ഓസ്ട്രേലിയയിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം തീരുമാനമെടുത്തു. പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ഇത് നവംബറില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പാര്‍ട്ടി അനുവാദം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവക്കരാറിനെക്കുറിച്ചുള്ള ചര്‍ച്ചക്ക് കളമൊരുങ്ങി. രാജ്യതാല്പര്യങ്ങള്ക്ക് അനുസൃതമായി ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ലേബര്‍പാര്‍ട്ടി യോഗത്തില്‍ വെളിപ്പെടുത്തി. ഓസ്ട്രേലിയ ചൈനക്കും ജപ്പാനും അമേരിക്കക്കും യുറേനിയം വില്‍ക്കുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയ ലോകത്തെ 40 ശതമാനം യുറേനിയം നിക്ഷേപമുള്ള രാജ്യമാണെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ 19 ശതമാനംമാത്രമാണ് അവര്‍ വില്‍ക്കുന്നത്. ഓസ്ട്രേലിയയില്‍ ആണവനിലയങ്ങളില്ല. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 30 ആണവനിലയങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യക്ക് യുറേനിയം ധാരാളം ആവശ്യമുണ്ട്. ഇന്ത്യക്ക് യുറേനിയം നല്‍കാനുള്ള നടപടിയെ യുറേനിയം വ്യവസായത്തിലുള്ളവര്‍ സ്വാഗതം ചെയ്തു. പുതിയ തീരുമാനപ്രകാരം ഓസ്ട്രേലിയന്‍ ഖാനി പദ്ധതികളില്‍ കൂടുതല്‍ ഇന്ത്യന്‍ നിക്ഷേപങ്ങളുണ്ടാവുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇത്തരം അവസരങ്ങള്‍ ചൈന, ജപ്പാന്, റഷ്യ മുതലായ രാാജ്യങ്ങളിലെ കമ്പനികള്‍ ഉപയോഗിക്കുന്നതുപോലെ ഇന്ത്യന്‍ കമ്പനികളും പ്രയോജനപ്പെടുത്തുമെന്ന് തങ്ങള്‍ കരുതുന്നതായി ഓസ്ട്രേലിയന്‍ യുറേനിയം അസോസിയേഷന് ചീഫ് എക്സിക്യൂട്ടീവ് മൈക്കല്‍ അങ്ക്വിന് പ്രത്യാശ പ്രകടിപ്പിച്ചു.
2030 ഓടെ ഇന്ത്യ 2500 ടണ്‍ ഓസ്ട്രേലിയന്‍ യുറേനിയം പ്രതിവര്‍ഷം വാങ്ങുമെന്ന് കരുതപ്പെടുന്നു. യുറേനിയം നല്കുന്ന രാജ്യങ്ങളുമായി ചര്‍ച്ചചെയ്ത് ഇത് അണ്വായുധനിര്മാണത്തിനായി ഉപയോഗിക്കാതിരിക്കാനും ഓസ്ട്രേലിയ മുന്‍കൈ എടുക്കുന്നു. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ നാല് യുറേനിയം ഖാനികളുണ്ട്.
2014 ഓടെ 1.7ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ വിലക്കുള്ള 14000 ടണ്‍ യുറേനിയം കയറ്റുമതിയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഗതാഗതമന്ത്രി ആന്റണി അല്‍ബേനി ഇന്ത്യക്ക് യുറേനിയം നല്‍കുന്നതിനെയും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനെയും നിശിതമായി എതിര്‍ത്തു. ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിന്റെ തകര്‍ച്ചക്കുശേഷം ജര്‍മ്മനി, സ്വിറ്റ്സര്‍ലണ്ട്, ഇറ്റലി മുതലായ രാജ്യങ്ങള്‍ ആണവ ഊര്‍ജത്തിന്റെ ഉപയോഗത്തില്‍നിന്ന് പിന്‍വാങ്ങുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ യുറേനിയം വ്യാപാരം വികസിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: