തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ദല്‍ഹിയിലെത്തി എന്തൊക്കെയോ ചെയ്യുമെന്ന് പ്രതീതി ജനിപ്പിച്ച് ദല്‍ഹിക്ക് പോയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിച്ചെത്തിയത് വെറുംകയ്യോടെ. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രം കേരളത്തെ കയ്യൊഴിയുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. വ്യക്തമായ ഉറപ്പോ കാര്യമായ തീരുമാനങ്ങളോ കേന്ദ്രത്തില്‍ നിന്നും നേടാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. കോണ്‍ഗ്രസ് അധ്യക്ഷയെയും പ്രധാനമന്ത്രിയെയുമൊക്കെ മാറിമാറി കണ്ടെങ്കിലും അവര്‍ തുടര്‍ന്നുവന്ന അഴകൊഴമ്പന്‍ നിലപാട് മാറ്റാന്‍ അവര്‍ തയ്യാറായില്ല. കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെക്കാള്‍ താല്പര്യം കേന്ദ്രത്തിലെ തങ്ങളുടെ സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന തമിഴ്നാട് എംപിമാരാണെന്ന സന്ദേശം കേന്ദ്രത്തിലെ നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. ഇ.കെ.ആന്റണിയെക്കാള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും പ്രധാനമന്ത്രിക്കും താല്പര്യം ചിദംബരത്തോടാണെന്ന് ഒരിക്കല്‍ക്കൂടി തെളിയുകയും ചെയ്തു.
കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ ബോധ്യപ്പെടുത്തി എന്നുപറയുന്നതല്ലാതെ കേന്ദ്രം എന്തെങ്കിലും അനുകൂല നടപടി സ്വീകരിക്കുമെന്ന് പറയാന്‍പോലും ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിന്റെ തമിഴ്നാട് അനുകൂല മനസ്സ് അറിയാവുന്നതുകൊണ്ടാകാം ഉമ്മന്‍ചാണ്ടി തുടക്കത്തില്‍ ദല്ഹിക്കുപോകാന് മടിച്ചത്. എം.പിമാരും സംസ്ഥാനത്തെ മന്ത്രിമാരുമൊക്കെ പ്രധാനമന്ത്രിയെ കണ്ട് മുല്ലപ്പെരിയാര്‍ പ്രശ്നം ബോധ്യപ്പെടുത്തിയിരുന്നു. ഉമ്മന്‍ചാണ്ടി എന്തുകൊണ്ട് പോകുന്നില്ല എന്ന പരാതി ഉയര്‍ന്നപ്പോഴാണ് കഴിഞ്ഞദിവസം അദ്ദേഹം ദല്‍ഹിക്കു തിരിച്ചത്. പോയതുകൊണ്ട് യാതൊരു പ്രയോജനവും ലഭിച്ചില്ല.
ആശങ്ക കേന്ദ്രത്തെ ബോധ്യപ്പെടുത്തിയെന്നും ഉദ്യോഗതല ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്നുമായിരുന്നു ഇന്നലെ മടങ്ങിയെത്തിയ ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ ഉദ്യോഗതല ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് തമിഴ്നാട് ഇന്നലെ വൈകുന്നേരം വ്യക്തമാക്കിയത് ഈ അവകാശവാദത്തിന് തിരിച്ചടിയായി. ഇരു സംസ്ഥാനങ്ങളിലെയും ജലവിഭവ വകുപ്പ് സെക്രട്ടറിമാര്‍ കേന്ദ്ര ജലവിഭവ മന്ത്രാലയ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. തമിഴ്നാട് ഇല്ലെന്ന് പറഞ്ഞതോടെ ആ പ്രതീക്ഷയും അറ്റു. കോടതിക്കുപുറത്തുള്ള ഒരു ഏര്‍പ്പാടിനും തങ്ങളില്ലെന്ന നിലപാട് ചര്‍ച്ച ബഹിഷ്കരിച്ചുകൊണ്ട് തമിഴ് നാട് പിഡബ്ല്യുഡി സെക്രട്ടറി ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഡല്‍ഹിയില്‍ പോയി കയ്യുംവീശി മടങ്ങിയെത്തിയ ഉമ്മന്‍ചാണ്ടിയെ നാണക്കേടില്‍ നിന്ന് അല്പമെങ്കിലും രക്ഷിച്ചത് അഡ്വ.ജനറല്‍ ദണ്ഡപാണിയാണ്. അതിലും വലിയ നാണക്കേട് അദ്ദേഹം വരുത്തിയതിനാലാണത്. തമിഴ്നാട് അനുകൂല നിലപാട് ഹൈക്കോടതിയില്‍ ദണ്ഡപാണി സ്വീകരിച്ചതിനാല്‍ ജനരോഷം അദ്ദേഹത്തിനെതിരായി. ഉമ്മന്‍ചാണ്ടിക്കെതിരെ ഉണ്ടാകേണ്ടിയിരുന്ന രോഷം ഏജിയിലേക്ക് തിരിഞ്ഞു.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: